പേരില്‍ മാത്രം കൊട്ടാരം, വഴി കണ്ടാല്‍ പാതാളം... കൊച്ചുകൊട്ടാരം-പച്ചാത്തോട് റോഡ് എന്തിന് കൊള്ളാം.


പേരില്‍ മാത്രം കൊട്ടാരം, വഴി കണ്ടാല്‍ പാതാളം. കൊച്ചുകൊട്ടാരം-പച്ചാത്തോട് റോഡ് എന്തിന് കൊള്ളാം. ആകെത്തകര്‍ന്ന റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌കരമായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.

പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡില്‍ നിന്നും പാലാ-കൊടുങ്ങൂര്‍ റൂട്ടിലേക്കുളള എളുപ്പ വഴിയാണിത്. നിരവധി വാഹനങ്ങളും യാത്രക്കാരും ദിവസവും ഉപയോഗിക്കുന്ന ഈ റോഡ് റീ ടാറിംഗ് നടത്തിയിട്ട് രണ്ട് പതിറ്റാണ്ടാവുകയാണ്.

പൊന്‍കുന്നം, പൈക, ഭരണങ്ങാനം, ഇടമറ്റം ഭാഗങ്ങളിലുള്ളവര്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് പോകുന്നതിനായി ഉപയോഗിക്കുന്ന എളുപ്പവഴിയുമാണിത്. കൊച്ചുകൊട്ടാരം പള്ളി, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുമുള്ളവര്‍  ഉപയോഗിക്കുന്നതും ഇതേ വഴിതന്നെ.

റോഡിന്റെ ഒന്നരകിലോമീറ്റര്‍ ഭാഗം പൂര്‍ണമായും ടാര്‍ പൊളിഞ്ഞ് മെറ്റല്‍ ഇളകി കിടക്കുകയാണ്. അടുത്തനാളില്‍ മഴക്കാലത്ത് റോഡിലൂടെ വെള്ളമൊഴുകി തകര്‍ച്ചയുടെ ആഘാതം വര്‍ധിച്ചിരിക്കുകയുമാണ്. പൊളിഞ്ഞ് കിടക്കുന്ന മെറ്റലിലൂടെ ഇരുചക്രവാഹനങ്ങള്‍ പോകുമ്പോള്‍ തെന്നിവീണ് അപകടമുണ്ടാകുന്നതും പതിവായിട്ടുണ്ട്. 



ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് നാട്ടുകാരും വിവിധ സംഘടനകളും പല തവണ ആവശ്യപ്പെട്ടെങ്കിലും ഈ വഴി നന്നാക്കുന്ന കാര്യത്തില്‍ ഒരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല. ശക്തമായ വെള്ളമൊഴുക്കുള്ള റോഡില്‍ ഓട നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. റോഡ് അടിയന്തരമായി റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് നാട്ടുകാര്‍.

കൊച്ചുകൊട്ടാരം-പച്ചാത്തോട് റോഡ് എത്രയും വേഗം നന്നാക്കണം. 


ഇനിയും അധികാരികള്‍ ഈ വഴിയേ അവഗണിച്ചാല്‍ ഒറ്റയാള്‍ സമരം നടത്തും. 
സാംജി പഴേപറമ്പില്‍



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments