മലയാളത്തിന്റെ മഹാ കഥാകാരിയുടെ ജീവിത വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ പുതുതലമുറ കണ്ടത് കഥകളുടെയും ജീവിതങ്ങളുടെയും വിസ്മയ ലോകം. അഗ്നിസാക്ഷിയിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സ്മാരകമായി അവരുടെ വസതിയിലുള്ള മ്യൂസിയം കണ്ടത് 15-ഓളം വിദ്യാര്‍ത്ഥികളാണ്.
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങാനെത്തിയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് അന്തര്‍ജ്ജനം സ്മാരക മ്യൂസിയത്തിലൂടെ കഥാകാരിയുടെ ജീവിതവഴികളിലേക്ക് നടന്നത്.
ലളിതാംബിക അന്തര്‍ജ്ജനം സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശാന്തിഭവനില്‍ അന്തര്‍ജ്ജനം സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം നടന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തിയ ഓരോ വിദ്യാര്‍ത്ഥിക്കും 10000 രൂപയും സര്‍ട്ടിഫിക്കറ്റുകളുമാണ് വിതരണം ചെയ്തത്.
''അമ്മയുടെ സാഹിത്യകൃതികളില്‍ നിന്നുള്ള റോയല്‍റ്റി ഉപയോഗിച്ചാണ് പഠനമികവ് പുലര്‍ത്തുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്''. അന്തര്‍ജ്ജനം സ്മാരക ട്രസ്റ്റ് പ്രസിഡന്റും കഥാകാരിയുടെ ഇളയ മകനുമായ എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്. (റിട്ട) പറഞ്ഞു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥി സംഘം ലളിതാംബിക അന്തര്‍ജ്ജനം മ്യൂസിയം സന്ദര്‍ശിച്ചത്. മ്യൂസിയത്തോട് ചേര്‍ന്നുള്ള ശാന്തിഭവനില്‍ നടന്ന സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് എന്‍. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് വി.എം. ചിത്ര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.



0 Comments