മേരി ടീച്ചര്‍ ആഗ്രഹം പറഞ്ഞു; 65 കഴിഞ്ഞ ശിഷ്യര്‍ ഒത്തുകൂടി. മുത്തോലി സ്‌കൂളില്‍ അപൂര്‍വ്വ സമാഗമം.



നവതി പിന്നിട്ട പി.പി. മേരിടീച്ചറിന്റെ ആഗ്രഹം മുത്തോലി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ 65 പിന്നിട്ട പഴയ ശിഷ്യര്‍ സഫലമാക്കി. അപൂര്‍വമായ സ്‌നേഹ സംഗമത്തിന് ഇന്നലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ശനിയാഴ്ച സാക്ഷ്യം വഹിച്ചു. 


ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരെ കണ്ട മുന്‍ അദ്ധ്യാപികമാരായ സിസ്റ്റര്‍ ലൂസില്യ മേരിയുടെയും ത്രേസ്യാമ്മ ടീച്ചറിന്റെയും സ്‌നേഹ സാന്നിധ്യം കൂടി ആയപ്പോള്‍ ഒത്തുചേരലിന് മാധുര്യമേറി.

പണ്ട് താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥിനികളെ ഒരിക്കല്‍ കൂടി കാണണമെന്നുള്ള ആഗ്രഹം പ്രിയ ശിഷ്യയും പാലാ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രധാനാദ്ധ്യാപികയായി വിരമിച്ച ചിന്താമണി ടീച്ചറിനെ ഒരിക്കല്‍ കണ്ടപ്പോള്‍ മേരി ടീച്ചര്‍പങ്കുവെച്ചു. പഴയ ശിഷ്യരുടെയെല്ലാം  വീടുകളില്‍ പോകണമെന്നുണ്ടെന്നും സഹായിക്കാമോ എന്നുമുള്ള മേരിടീച്ചറിന്റെ അഭ്യര്‍ത്ഥന ചിന്താമണി ടീച്ചറിന് തള്ളിക്കയാന്‍ കഴിഞ്ഞില്ല. അതിന് വേദിയുണ്ടാക്കാമെന്ന് ചിന്താമണി, മേരി ടീച്ചറിന് വാക്ക് കൊടുത്തു. ഈ അഭിലാഷമാണ് പ്രായത്തെ മറികടന്ന് പ്രിയപ്പെട്ട ശിഷ്യരുടെ സമാഗമത്തിലൂടെ നിറവേറിയത്.

ശിക്ഷണവും ശിക്ഷയും മാതൃനിര്‍വിശേഷമായ സ്‌നേഹവാത്സല്യങ്ങളും കൊണ്ട് വിദ്യാര്‍ത്ഥിനികളുടെ ഹൃദയം കീഴടക്കിയ അധ്യാപകരായിരുന്നു ഇവര്‍ മൂന്നുപേരും. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോടുള്ള സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിക്കുവാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനുമായി നൂറോളം പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ മുത്തോലി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ ഒത്തുചേര്‍ന്നു.മുബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവരുമാണ്, ബാല്യവും കൗമാരവും ചെലവിട്ട പഴയ വിദ്യാലയത്തില്‍ ഒത്തുചേര്‍ന്നത്. 



വിവിധ കാലഘട്ടങ്ങളിലും ക്ലാസുകളിലുമായി മേരി ടീച്ചറും സിസ്റ്റര്‍ ലൂസില്യ മേരി,ത്രേസ്യാമ്മ ടീച്ചര്‍മാരും പഠിപ്പിച്ചവരാണ് ഈ കൂട്ടായ്മയില്‍ പങ്കെടുത്തത്. എല്ലാവരും 64-നും 75-നും മധ്യേ പ്രായമുള്ള ശിഷ്യര്‍.

വിദ്യാലയമുറ്റത്ത് എത്തിയ അവര്‍ ഗുരുക്കന്‍മാര്‍ക്ക് സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചും ഗാനങ്ങള്‍ ആലപിച്ചും ഒത്തുചേരലിനെ  ആഘോഷമാക്കി.ബന്ധങ്ങള്‍ പുതുക്കിയും കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചും ക്ലാസ് മുറിയിലെ പഴയകാല അനുഭവങ്ങള്‍ ഓര്‍ത്തെടുത്തും സമയം പോയത് അറിഞ്ഞില്ല. കളി തമാശകള്‍ പറഞ്ഞും ഒരുമിച്ച് ഭക്ഷണം കഴിച്ചും ഗുരുശ്രേഷ്ഠരുടെ അനുഗ്രഹങ്ങള്‍ തേടിയും പ്രായത്തെ മറന്ന ആവേശവും സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു കടന്നുപോയി.

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം അക്ഷരത്തറവാട്ടിലേയ്ക്ക് ഒരിക്കല്‍ കൂടി എത്തിയപ്പോള്‍ അവേശകരമായ വരവേല്‍പ്പാണ് ഇപ്പോഴത്തെ ഹെഡ്മിസ്റ്റര്‍ സിസ്റ്റര്‍ ലിസ്ബത്തിന്റെ നേതൃത്വത്തില്‍  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതെന്ന് ചിന്താമണി ടീച്ചര്‍ പറഞ്ഞു. ഇനിയും കണ്ടുമുട്ടാമെന്ന പ്രാര്‍ത്ഥനയോടെ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കിയായിരുന്നു അവരുടെ മടക്കം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments