സുനില്‍ പാലാ
ഒറ്റമഴ പെയ്താല്‍ ഈ വില്ലേജ് ഓഫീസ് വെള്ളത്തിലാണ്! പിന്നെ ജീവനക്കാരും ഇവിടെ എത്തുന്നവരുമെല്ലാം മുട്ടൊപ്പം വെള്ളത്തിലായിരിക്കും. വിവരം പലതവണ നാട്ടുകാരും ജീവനക്കാരും തന്നെ ഉന്നത റവന്യു ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരു പ്രയോജനവുമില്ല. വരുന്ന രണ്ട് മാസം വെള്ളക്കെട്ടില്‍ കഴിയാനാണ് ഇവിടുത്തെ ജീവനക്കാരുടെ വിധി; ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെയും.
മീനച്ചില്‍ വില്ലേജ് ഓഫീസാണ് മേവടയില്‍ സ്ഥിതി ചെയ്യുന്നത്. മേവട തോടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് വില്ലേജ് ഓഫീസ് മന്ദിരം. ഇതിന് സമീപം തോട്ടില്‍ ഒരു ചെക്കുഡാം കെട്ടിയതാണ് ആകെ പ്രശ്‌നമായത്.
കനത്ത മഴയില്‍ വന്‍തോതില്‍ മാലിന്യം ചെക്കുഡാമില്‍ വന്ന് അടിയുന്നതോടെ തോട് ഗതിമാറി ഒഴുകും. പിന്നെ നേരെ വെള്ളം വില്ലേജ് ഓഫീസിലേക്ക്. കഴിഞ്ഞയാഴ്ച രണ്ട് ദിവസം വില്ലേജ് ഓഫീസ് വെള്ളത്തിലായിരുന്നു. ഇവിടേയ്‌ക്കെത്തുന്ന പൊതുജനങ്ങള്‍ മുട്ടൊപ്പം വെള്ളത്തില്‍ തുഴഞ്ഞ് തുഴഞ്ഞ് വില്ലേജ് ഓഫീസിലെത്തി. ജീവനക്കാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
വെള്ളം വില്ലേജ് ഓഫീസിനകത്ത് കയറിയതോടെ വിലപ്പെട്ട രേഖകളും കമ്പ്യൂട്ടറുമൊക്കെ സംരക്ഷിക്കാനുള്ള പെടാപ്പാടിലായിരുന്നു ജീവനക്കാര്‍. വെള്ളമുയര്‍ന്നതറിഞ്ഞ് വില്ലേജ് ഓഫീസര്‍ അനൂപും മറ്റുള്ളവരുമൊക്കെ പാതിരാത്രിയില്‍ വന്നാണ് രേഖകളും കമ്പ്യൂട്ടറുമൊക്കെ പൊക്കത്തിലേക്ക് മാറ്റി സ്ഥാപിച്ചത്.
വില്ലേജ് ഓഫീസ് സ്വന്തം സ്ഥലത്ത്; പുതിയ കെട്ടിടം പണിയണം
റവന്യുവകുപ്പിന് സ്വന്തമായുള്ള 35 സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസ് ഇരിക്കുന്നത്. ഇവിടെ ഉയരത്തില്‍ കെട്ടിടം പണിയുക മാത്രമാണ് വെള്ളപ്പൊക്കത്തില്‍ നിന്ന് ഓഫീസിനെ രക്ഷിക്കാനുള്ള ഏക വഴി. അല്ലെങ്കില്‍ ചെക്കുഡാം പൊളിച്ച് കളയണം.
തഹസില്‍ദാരെയും മറ്റും രേഖാമൂലം വിവരമറിയിച്ചു, ഒരു പ്രയോജനവുമില്ല
മീനച്ചില്‍ വില്ലേജ് ഓഫീസില്‍ വെള്ളംകയറിയ വിവരം നാട്ടുകാരും പൊതുപ്രവര്‍ത്തകരും വില്ലേജ് അധികാരികളുമൊക്കെ മീനച്ചില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉന്നത റവന്യു അധികാരികളെ അറിയിച്ചു. പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല. കാലവര്‍ഷം കനക്കുന്ന രണ്ട് മാസത്തോളം തോട്ടുവെളളത്തില്‍ കഴിയാനാണ് വില്ലേജ് ജീവനക്കാരുടെയും ഇവിടെയെത്തുന്ന നാട്ടുകാരുടെയും വിധി.
0 Comments