റോഡിന്റെ അവസ്ഥ പരമദയനീയം... ഇതുവഴി യാത്ര പോയാല്‍ പെടും.




സുനില്‍ പാലാ

കണ്ടുപിടിക്കാമോ ഇവിടെയുള്ള റോഡിനെ... ഇത് റോഡാണോ തോടാണോ കുളമാണോ...? ഇതുവഴി കടന്നുവരുന്നവര്‍ക്ക് ഈ തോന്നലുകളൊക്കെ ഉണ്ടാകാം. രാമപുരം പഞ്ചായത്തിലെ കൂടപ്പുലം വാര്‍ഡിലുള്ള ചൂരത്തടിപ്പാലം - കൂഴമല - ഇടക്കോലി റോഡിന്റെ അവസ്ഥയാണിത്. ആകെത്തകര്‍ന്ന റോഡിലൂടെ കാല്‍നടയാത്രയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.


രണ്ട് കിലോമീറ്ററോളം ദൂരമുള്ള ഈ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. ടാറിംഗ് ഇളകി മെറ്റലുകള്‍ ചിതറിത്തെറിച്ച് കിടക്കുകയാണ്. ഒരു തരത്തിലും കാല്‍നടയാത്രയോ ഇരുചക്ര വാഹന യാത്രയോ നടക്കാത്തവിധം ദുരിതത്തിലായിരിക്കുകയാണ് ഈ പാത. 
 


ആകെത്തകര്‍ന്ന റോഡില്‍ അടുത്തിടെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ കാന കീറി. ഇത് പിന്നീട് കോണ്‍ക്രീറ്റ് ചെയ്യുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല.

കൂടപ്പുലം സ്‌കൂളിന് സമീപത്തുനിന്ന് റോഡ് ആരംഭിക്കുമ്പോള്‍ മുതല്‍ കുണ്ടും കുഴിയുമാണ്. കര്‍ത്താനക്കുഴി ഭാഗത്താണ് റോഡ് താറുമാറായി കിടക്കുന്നത്. ഇവിടെ ചെളിവെള്ളവും കെട്ടിക്കിടക്കുകയാണ്. ഉഴവൂര്‍ ഈസ്റ്റ് പോസ്റ്റോഫീസ്, ഇടക്കോലി സ്‌കൂള്‍, പള്ളി, കലാമുകുളം, വള്ളിപ്പടവ്, വലവൂര്‍ റോഡ് എന്നിവിടങ്ങളിലേക്കും കൂടുപ്പുലം ജംഗ്ഷന്‍, ആര്‍.വി.എം. സ്‌കൂള്‍, അരീക്കര എസ്.എന്‍. യു.പി. സ്‌കൂള്‍, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കുമൊക്കെയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. 



റോഡ് എത്രയുംവേഗം നന്നാക്കണം, കുഴി അടയ്ക്കണം

യാത്രക്കാരെ ആകെ ബുദ്ധിമുട്ടിച്ച് താറുമാറായി കിടക്കുന്ന ചൂരത്തടിപ്പാലം - കൂഴമല - ഇടക്കോലി റോഡ് എത്രയും വേഗം നന്നാക്കണം.


 
ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി കാനകീറിയത് ഉടന്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണം.
- ഹരിദാസ്, കര്‍ത്താനക്കുഴി, കൂടുപ്പുലം  (നാട്ടുകാരന്‍)




ചൂരത്തടിപ്പാലം - കൂഴമല - ഇടക്കോലി റോഡിന് ആറ് ലക്ഷം അനുവദിച്ചിട്ടുണ്ട്.

ചൂരത്തടിപ്പാലം - കൂഴമല - ഇടക്കോലി റോഡ് നന്നാക്കാന്‍ ആറ് ലക്ഷം രൂപാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും മറ്റും വന്നതിനാല്‍ കരാര്‍ കൊടുക്കാനും മറ്റും കഴിഞ്ഞിട്ടില്ല. മഴ മാറിയാലുടന്‍ റോഡ് നന്നാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് മാത്രമല്ല വാര്‍ഡിലെ മറ്റ് റോഡുകള്‍ തകര്‍ന്നതിനും ഫണ്ട് നീക്കി വച്ചിട്ടുണ്ട്.

- സുശീല മനോജ്, രാമപുരം പഞ്ചായത്ത് കൂടപ്പുലം വാര്‍ഡ് മെമ്പര്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments