ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തമാകുന്നു : മണ്ണിടിച്ചിലും മരം കടപുഴകലും തുടര്‍ക്കഥ ; സുപ്രധാന പാതകളിലെ യാത്ര അപകട ഭീതിയില്‍


 കാലവര്‍ഷം ശക്തമാകുമ്പോള്‍ ഇടുക്കി നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും വലുതാണ് സംസ്ഥാന പാത ഉള്‍പ്പെടെ പ്രധാന റോഡുകളിലെ മണ്ണിടിച്ചിലും മരം കടപുഴകലും. ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ കാട്ടാനയടക്കം വന്യ ജീവി സാന്നിധ്യമുള്ള വനപാതയില്‍ രാത്രി സമയങ്ങളില്‍ പോലും മണിക്കൂറുകളാണ് യാത്രക്കാര്‍ കുടുങ്ങിക്കിടക്കേണ്ടി വരുന്നത്. അപകടകരമായ മണ്‍തിട്ടകളും മരങ്ങളും വെട്ടി നീക്കി ദുരന്ത സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം.അപകടം പതിയിരിക്കും തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാത
മഴക്കാലമെന്നത് മലയോര ജില്ലയായ ഇടുക്കിയില ജനങ്ങള്‍ക്ക് ഭീതിജനകമായ ഓര്‍മകളാണ് എക്കാലവും സമ്മാനിക്കുന്നത്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും പുറമേ റോഡുകളിലെ മണ്ണിടിച്ചിലും മരം വീഴ്ച്ചയും വന്‍ ദുരന്തങ്ങള്‍ വിതയ്ക്കാറുണ്ട്. 2018 ലേതിന് സമാനമായ മണ്ണിടിച്ചിലാണ് ഇക്കഴിഞ്ഞ ദിവസം തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയിലെ കരിപ്പിലങ്ങാടുണ്ടായത്. വാഹനങ്ങള്‍ക്ക് മുകളിലേക്കും റോഡിലേക്കും മണ്ണും കല്ലും മരവും

 പതിച്ചുണ്ടായ അപകടത്തില്‍ നിന്നും തലനാരിഴക്ക് യാത്രക്കാര്‍ രക്ഷപെട്ടു. ഇതിന് സമീപത്തായി ആറ് കിലോമീറ്ററിനുള്ളില്‍ ഒരു ഡസനിലേറെ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു. 2018 ലെ പ്രകൃതി ദുരന്തത്തില്‍ ഇതേ റോഡില്‍ അറക്കുളം അശോക കവലയ്ക്കും ജില്ലാ ആസ്ഥാനത്തിനും ഇടയില്‍ ചെറുതും വലുതുമായി 70 തിലധികം സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞ് വീണത്. അന്ന് ആഴ്ചകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു. അന്നുണ്ടായിരുന്ന അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് നാട്ടുകാരെയും ഇതുവഴി യാത്ര ചെയ്യുന്നവരെയും ഭയപ്പെടുത്തുന്നത്. മലയോര മേഖലകളിലെ പല റോഡുകള്‍ക്കും സമാന്തര പാതകള്‍ ഇല്ലാത്തതിനാല്‍ രക്ഷപ്രവര്‍ത്തനം വൈകാറാണ് പതിവ്. ശക്തമായ കോടമഞ്ഞില്‍ കാഴ്ച്ച മറയുമ്പോള്‍ ദുരന്ത സ്ഥലത്ത് നിന്ന് ഓടി മാറാനുമാകില്ല.</p>
യാത്ര അതിമനോഹരം, പക്ഷേ അപകടം തലയ്ക്ക് മുകളില്‍</p>
മലഞ്ചെരിവുകളിലെ വളഞ്ഞും തിരിഞ്ഞുമുള്ള ഹൈറേഞ്ചിലെ പാതകളിലൂടെയുള്ള യാത്ര അതിമനോഹരമാണ്. പക്ഷേ, മഴക്കാലത്ത് പാതകളിലെല്ലാം തലയ്ക്ക് മുകളില്‍ പതിയിരിക്കുന്ന ഒരു അപകടമുണ്ട്. ഇളകി വീഴാറായ പാറക്കൂട്ടം. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ ദേശീയ- സംസ്ഥാന പാതകളില്‍ ഉള്‍പ്പെടെ ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞുവീഴാവുന്ന രീതിയിലാണ് പാറക്കല്ലുകള്‍ നില്‍ക്കുന്നത്.
അടിമാലി – കുമളി ദേശീയപാതയിലും അപകട ഭീഷണി
അടിമാലി – കുമളി ദേശീയപാതയില്‍ കരിമ്പനും മഞ്ഞപ്പാറയ്ക്കുമിടയില്‍ ഇളകി തെന്നിമാറി നില്‍ക്കുന്ന പാറക്കൂട്ടം പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയാണ്.

 കരിമ്പനും അശോക കവലയ്ക്കും മധ്യേ ദേശീയപാതയോരത്ത്, ഇതിനോടകം തന്നെ നിരവധി പാറക്കല്ലുകള്‍ അപ്രതീക്ഷിത സമയത്ത് റോഡിലേക്ക് പതിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതുവരെയും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രിയും പകലുമായി നിരന്തരം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ കുന്നിന്‍മുകളില്‍ നിന്നുള്ള പാറക്കല്ലുകള്‍ ശക്തമായ മഴയുള്ളപ്പോള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ട്. പല പാറക്കല്ലുകളും മരങ്ങളുടെ വേരുകളിലും വള്ളിപ്പടര്‍പ്പുകളും തങ്ങിയാണ് നില്‍ക്കുന്നത്. ഇടുക്കി കളക്ടര്‍ക്ക് മാര്‍ച്ച് 14നാണ് പ്രദേശവാസികള്‍ പരാതി നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ദേശീയപാത വിഭാഗവും ജില്ലാ ഭരണകൂടവും ഇടപെട്ട് അപകടസാദ്ധ്യതകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം.
അപകട മുനമ്പായി മത്തായി കൊക്ക
ജനുവരിയിലാണ് കൊല്ലം – തേനി ദേശീയപാതയില്‍ മത്തായി കൊക്കയില്‍ മലമുകളില്‍ നിന്ന് പാറക്കൂട്ടങ്ങളും മണ്ണും റോഡിലേക്ക് പതിച്ചത്. റോഡില്‍ യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്നതിന് തൊട്ടുപിന്നാലെയായിരുന്നു മണ്ണിടിച്ചില്‍. മത്തായി കൊക്കയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പീരുമേട് പഞ്ചായത്ത് സ്ഥാപിച്ച ക്യാമറയില്‍ പാറക്കൂട്ടങ്ങളും മണ്ണും വീണതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. തുടര്‍ന്ന് പീരുമേട് പഞ്ചായത്തും ദേശീയപാത അതോറിട്ടിയും പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയ ശേഷം പ്രദേശത്ത് രണ്ട് സ്ഥലത്തായി അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. മലമുകളില്‍ നിന്ന് ഇനിയും പാറയും മണ്ണും വീഴാന്‍ സാദ്ധ്യതയുണ്ടെന്ന് സ്ഥലം പരിശോധിച്ച ദേശീയപാതാ വിഭാഗം മുന്നറിയിപ്പ് നല്‍കി. മുമ്പും രണ്ടിലധികം തവണ ഇപ്രകാരം മലമുകളില്‍ നിന്ന് പാറയും മണ്ണും റോഡില്‍ വീണിട്ടുണ്ട്. അമ്പത്തിആറാം മൈല്‍ മുതല്‍ പെരുവന്താനം വരെയുള്ള പ്രദേശങ്ങളില്‍ ഇത്തരം മണ്ണിടിച്ചില്‍ സാദ്ധ്യത ഉണ്ടെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ജിയോളജി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം വിനോദ സഞ്ചാരത്തിന് എത്തിയവര്‍ നിറുത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചിരുന്നു. തുടര്‍ന്ന് പീരുമേട് പഞ്ചായത്തും ദേശീയപാതാ വിഭാഗവും റോഡിന്റെ വശങ്ങളില്‍ ഇടിഞ്ഞു വീഴാന്‍ സാദ്ധ്യതയുള്ള പാറകളും മണ്‍തിട്ടകളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
അപകട സാധ്യത ഒഴിവാക്കാതെ അധികൃതര്‍
യാത്രക്കാര്‍ക്ക് ഭീഷണിയായി ഏതുനിമിഷവും വീഴാവുന്ന വിധത്തില്‍ പാറക്കല്ലുകള്‍. കല്ലാര്‍കുട്ടി -കമ്പിളികണ്ടം റോഡില്‍ അഞ്ചാം മൈലിനും മുക്കുടം പള്ളിയ്ക്കുമിടയില്‍ റോഡിന് മുകളിലാണ് അപകടകരമായ രീതിയില്‍ പാറക്കല്ലുകളുള്ളത്.

 മഴക്കാലമായാല്‍ ഏതുനിമിഷവും റോഡിലേക്ക് പതിക്കാവുന്ന സ്ഥിതിയിലാണ് കല്ല് ഇരിക്കുന്നത്. സമീപത്തുണ്ടായിരുന്ന കല്ല് പൊട്ടിച്ചു മാറ്റിയതോടെയാണ് അപകട സാധ്യത വര്‍ധിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പാറ പൊട്ടിച്ചു മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അപകടകരമായ രീതിയിലുള്ള കല്ല് നീക്കം ചെയ്യാനുള്ള അനുമതിയാണ് ലഭിച്ചതെങ്കിലും സമീപത്തിരുന്ന കല്ല് പൊട്ടിച്ചു കടത്തിയതായാണ് ആക്ഷേപം ഉയരുന്നത്. രണ്ടു മാസം മുമ്പാണ് ഗതാഗത തടസ്സം പോലുമുണ്ടാക്കിക്കൊണ്ട് കല്ല് പൊട്ടിച്ചു മാറ്റിയത്. ഇതോടെ കല്ല് കൂടുതല്‍ അപകടാവസ്ഥയിലായിട്ടുണ്ട്. കാലവര്‍ഷം കനക്കുന്നതോടെ ഇതോടെ കല്ല് കൂടുതല്‍ അപകടാവസ്ഥയിലായിട്ടുണ്ട്. അടിമാലിയില്‍ നിന്ന് നെടുങ്കണ്ടം, മുരിക്കാശ്ശേരി മേഖലകളിലേക്കുള്ള സര്‍വ്വീസ് ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന റോഡാണിത്. സ്‌കൂള്‍ തുറന്നതോടെ രാവിലെയും വൈകിട്ടുമായി നിരവധി സ്‌കൂള്‍ ബസുകളും ഇതുവഴി കടന്നു പോകുന്നുണ്ട്. കാലവര്‍ഷം കനക്കുന്നതോടെ അപകട സ്ഥിതി കൂടുതല്‍ രൂക്ഷമാകും


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments