മുന്നറിയിപ്പുമില്ല വേഗനിയന്ത്രണവുമില്ല; അപകട മുനമ്പായി ന്യൂമാന്‍ കോളേജ് ജംഗ്ഷന്‍

അപകടം തുടര്‍ക്കഥയായി തൊടുപുഴ ന്യൂമാന്‍ കോളേജ് ജംഗ്ഷന്‍. നഗരത്തിലെ പ്രധാനപ്പെട്ട നാല് റോഡുകള്‍ സംഗമിക്കുന്ന ഭാഗത്താണ് നിരന്തരം അപകടമുണ്ടാകുന്നത്. വ്യക്തമായ അപകട മുന്നറിയിപ്പ് ബോര്‍ഡുകളോ വേഗ നിയന്ത്രണ സംവിധാനമോ ഇല്ലാത്തതാണ് അപകട കാരണം. അടുത്തിടെ ആറ് കോടിയോളം മുടക്കി നിര്‍മ്മിച്ച റോഡില്‍ തുടര്‍ച്ചയായി അപകടം ഉണ്ടാകുന്നത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തെ വീഴ്ച്ചയാണെന്നും ആരോപണമുണ്ട്.

ദിവസേന നൂറ് കണക്കിന് വാഹനങ്ങളെത്തുന്ന ജംഗ്ഷന്‍ സ്ഥിരം അപകട മേഖലയായിട്ട് നാളുകളായി. കാഞ്ഞിരമറ്റം ജംഗ്ഷനില്‍ നിന്ന് മങ്ങാട്ടുകവലയ്ക്കുള്ള ബൈപ്പാസും ബോയ്സ് ഹൈസ്‌കൂളിന് മുന്‍വശത്ത് നിന്നും കാരിക്കോടിനുള്ള പഴയ റോഡും സംഗമിക്കുന്ന ഭാഗമാണ് അപകട മുനമ്പായി മാറിയത്. നാല് വശത്ത് നിന്നും ഒരേ സമയമാണ് ഇവിടേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത്. ഇത് മൂലം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ പതിവാണ്. യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതിന് പുറമേ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ എത്തുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടലും സംഘര്‍ഷവും വരെ ഉണ്ടാകാറുണ്ട്. 
കാരിക്കോട് – ബോയ്സ് ഹൈസ്‌കൂള്‍ റോഡില്‍ നിന്നും യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങള്‍ ബൈപ്പാസിലേക്ക് കയറുന്നത്.ഇതും അപകടകാരണമാണ്. ഭാരവാഹനങ്ങള്‍ നിരോധിച്ച ഈ റോഡില്‍ കൂടി അമിത ലോഡ് കയറ്റിയ ടോറസും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓടുന്നതും പതിവാണ്. 

ഇത്തരം വാഹനങ്ങള്‍ പ്രധാന റോഡിലേക്കും തിരിച്ചും വളച്ചെടുക്കുന്നത് മൂലം പലപ്പോഴും ഗതാഗതം തടസപ്പെടാറമുണ്ട്. വാഹനങ്ങള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നട യാത്രക്കാരും ഇതുവഴി പോകുന്നുണ്ട്. എന്നാല്‍ ഇവിടെ സീബ്രാ ലൈന്‍ സ്ഥാപിച്ചിട്ടില്ല. തുടര്‍ച്ചയായി അപകടം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ആവശ്യം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments