നവീകരിച്ച ഭരണങ്ങാനം അൽഫോൻസാ ഷ്റൈൻ ചാപ്പലിന്റെ കുദാശാകർമ്മം വ്യാഴാഴ്ച നടക്കും.


നവീകരിച്ച ഭരണങ്ങാനം അൽഫോൻസാ   ഷ്റൈൻ ചാപ്പലിന്റെ കുദാശാകർമ്മം വ്യാഴാഴ്ച നടക്കും.
 വിശുദ്ധ അൽഫോൻസാ ഷ്റൈനിന്റെ നവീകരിച്ച ചാപ്പലിന്റെയും അൾത്താരയുടെയും ആശീർവ്വാദകർമ്മം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ജൂലൈ 11 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്  നിർവഹിക്കും. ബിഷപ്പ് എമിരിറ്റസ്  മാർ ജോസഫ് പള്ളിക്കാപറമ്പിൽ ശുശ്രൂഷകൾക്ക് സഹ കാർമ്മികനായിരിക്കും.
പൗരസ്ത്യ സഭകളുടെ പുരാതന പാരമ്പര്യം അനുസരിച്ചാണ് അൾത്താര രൂപകല്പന ചെയ്തിരിക്കുന്നത്. മദ്ധ്യത്തിൽ സ്ലീവായും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിരിക്കുന്നു. പൂർണ്ണമായും തടികളിലാണ് അൾത്താര നിർമ്മിച്ചിരിക്കുന്നത്. കൊത്തുപണികളുടെ മാന്ത്രിക സ്പർശനത്താൽ അതീവ സുന്ദരമാണ് അൾത്താരയുടെ അലങ്കാര പണികൾ. 
25 ഓളം കലാകാരന്മാരും സാങ്കേതിക വിദഗ്ധരും മറ്റു ജോലിക്കാരും ചേർന്ന് 50 ദിവസം കൊണ്ടാണ് ഈ വിസ്മയം ഒരുക്കിയിരിക്കുന്നത്.  അൾത്താരയുടെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന മാർത്തോമാ കുരിശ് ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രതീകമാണ്. ഏറ്റവും മുകളിൽ രാജാവായി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തുവിന്റെ ഐക്കൺ സ്ഥാപിച്ചിരിക്കുന്നു. 
കുരിശിന്റെ രണ്ടു വശങ്ങളിലായി പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും ഐക്കണുകൾ സ്ഥാപിച്ചിരിക്കുന്നു. മദ്ബഹായുടെ മേൽത്തട്ടിൽ അലങ്കാരമായി പെന്തക്കോസ്തായുടെ അനുഭവത്തെ സൂചിപ്പിക്കുന്ന പ്രാവിന്റെ സുന്ദരമായ ഐക്കൺ വർണ്ണാഭമായി പ്രതിഷ്ഠിച്ചിരിക്കുന്നു. അൾത്താരയുടെ വശങ്ങളിലെ ഭിത്തികളിൽ ഈശോയുടെ തിരുപ്പിറവി, ജ്ഞാനസ്നാനം, പുനരുത്ഥാനം, പന്തക്കുസ്താ ദിവസം തീനാവുകളാൽ അഭിഷിക്തരായ ശിഷ്യന്മാരുടെ ഐക്കണുകളും സ്ഥാപിച്ചിരിക്കുന്നു. അന്ത്യഅത്താഴത്തിന്റെ ഐക്കൺ അൾത്താരയുടെ അർത്ഥ സമ്യക്കായി  പ്രകാശിപ്പിക്കുന്നുണ്ട്.
മദ്ബഹായുടെ ഏറ്റവും വലിയ സവിശേഷത എല്ലാ ചിത്ര, അലങ്കാര പണികളും കരങ്ങൾകൊണ്ട് കൊത്തിയെടുത്തു എന്നതാണ്. യന്ത്രങ്ങളിൽ രൂപപ്പെടുത്തിയ ഒരു കൊത്തുപണികളും അൾത്താരയിൽ ഇല്ല. 
 വചനപീഠങ്ങളും  ബേമ്മയും തടിയിൽ തീർത്ത പൂക്കളാൽ അലങ്കൃതമാണ്. 
ബേമ്മയുടെ മുകളിലും ഐക്കണുകൾ  കൊണ്ട് സമ്പുഷ്ടമാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിന് മുകൾഭാഗം അലങ്കാര പണികൾ കൊണ്ട് സുന്ദരമാക്കിയിരിക്കുന്നു. 
 കുരിശിനെ സ്നേഹിച്ച അൽഫോൻസാമ്മയുടെ കബറിടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന കുരിശുരൂപം പവിത്രതയുടെയും ദൈവീക സാന്നിദ്ധ്യത്തിന്റെ അടയാളങ്ങളായ പൊൻകിരണങ്ങളാൽ ചുറ്റപ്പെട്ടു നിൽക്കുന്നു. ജനമധ്യത്തിലേക്ക് ഇറങ്ങിവന്ന ഗാഗുൽത്തായായി 14 അടി ഉയരമുള്ള ക്രൂശിതരൂപം കൃപ ചൊരിഞ്ഞു കൊണ്ടുനിൽക്കുന്നു. കബറിടത്തിന് സമീപത്തായി കലാ ചാതുരിയോടെ ഗ്ലാസിൽ തീർത്ത അൽഫോൻസാമ്മയുടെ ചിത്രവും പ്രതിഷ്ഠിച്ചിരിക്കുന്നു. 

അൾത്താരയോടൊപ്പം എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി സങ്കീർത്തിയും തീർത്ഥാടകർക്ക് അവരവരുടെ സ്വന്തം ഭാഷകളിൽ ബലിയർപ്പിക്കുന്നതിനായി മനോഹരമായ സൈഡ് ചാപ്പലും മൗനപ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി മൂന്നാമത് ഒരു ചാപ്പലും ക്രമീകരിച്ചിട്ടുണ്ട്. 
തീർത്ഥാടന കേന്ദ്രംറെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര എന്നിവരുടെ നിരന്തര  മേൽനോട്ടത്തിൽ സമയബന്ധിതമായി 50 ദിനരാത്രങ്ങൾ കൊണ്ടാണ് പണി പൂർത്തീകരിച്ചത്. പൗരസ്ത്യ ദർശന വൈഭവത്തോടെ അൾത്താരയുടെ പ്ലാൻ തയ്യാറാക്കി ജോലികൾക്ക് നേതൃത്വം നൽകിയത് ഉണ്ണി സെബിനും  സുഹൃത്തുക്കളുമാണ്. അൾത്താരയിലെ ഐക്കണുകൾ വരച്ചത് പ്രസിദ്ധ ആർട്ടിസ്റ്റ് ഫാ. സാബു മന്നട MCBS  ആണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments