കിടങ്ങൂർ കാവാലിപ്പുഴ ടൂറിസം പ്രോജക്ട് സർവ്വേ നടപടികൾ ആരംഭിച്ചു
പാലാ കിടങ്ങൂർ പഞ്ചായത്തിൽ മീനച്ചിലാറിന്റെ തീരത്ത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്ന കിടങ്ങൂർ കാവാലിപ്പുഴ ടൂറിസം പ്രോജക്ടിനു വേണ്ടിയുള്ള സർവ്വേ നടപടികളും ഇൻവെസ്റ്റിഗേഷൻ പ്രവർത്തികളും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിെന്റെ മേൽനോട്ടത്തിൽ പ്രൊജക്ടിന് രൂപം നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നതെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി.
ഇതുപ്രകാരം കാവാലിപ്പുഴയിലുള്ള ആറ്റു തീരത്ത് മിനി പാർക്ക് ഉൾപ്പെടെ സജ്ജമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസം ഡിപ്പാർട്ട്മെന്റുമായി പ്രത്യേക ചർച്ച വീണ്ടും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
മീനച്ചിലാറിന് കുറുകെ കടക്കാൻ കാവാലിപ്പുഴയിൽ ഇരുകരയിലും ഉള്ളവർ കടത്തുവള്ളം ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു പകരം ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു സ്റ്റീൽ ബ്രിഡ്ജ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളതായി മോൻസ് ജോസഫ് വ്യക്തമാക്കി. ഇക്കാര്യവും സർവ്വേ ചെയ്യുന്നതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ ആകർഷകമായ രീതിയിൽ പാലം നിർമ്മിക്കുന്നതിന് സഹായകരം ആകാൻ കേരള സർക്കാരിന്റെ കീഴിലുള്ള ആർക്കിടെക്ചർ വിഭാഗത്തെയാണ് ഡിസൈൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതെല്ലാം ചേർത്തുകൊണ്ട് ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി എം.എൽ.എ മോൻസ് ജോസഫ് വ്യക്തമാക്കി.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വികസന നിർദേശങ്ങളിൽ ഉൾപ്പെടുത്തി 2019 -20 വർഷത്തെയും 2022 -23 വർഷത്തെയും സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപയുടെ പ്രൊപ്പോസൽ ഉൾപ്പെടുത്തിയിട്ടുള്ളതായി മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
ഡീറ്റെയിൽസ് പ്രോജക്ട് റിപ്പോർട്ടും
എസ്റ്റിമേറ്റും തയ്യാറാക്കിയാൽ ഉടനെ വികസന പദ്ധതിക്ക് ഭരണാനുമതി ലഭിക്കാനും ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും സത്വര പരിശ്രമം നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിലും കാവാലിപ്പുഴ ആറ്റുതീരം സർവ്വേ ജോലികൾക്ക് തുടക്കം കുറിച്ച ചടങ്ങിലും എം.എൽ.എയോടൊപ്പം പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ജി വിജയൻ, പി. ജി സുരേഷ്,മെമ്പർമാരായ ദീപാ ലത,കുഞ്ഞുമോൾ ടോമി, സിബി സിബി , ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അനീഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എൻജിനീയറിങ്മാരായ സന്തോഷ് കുമാർ, കിരൺ ലാൽ എന്നിവരും സ്ഥലവാസികളായ നിരവധി നാട്ടുകാരും പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments