സര്‍വ്വം തൃക്കിടങ്ങൂരപ്പന് സമര്‍പ്പിതം... മാല കോര്‍ത്ത് പ്രൊഫ. കേശവപ്പിഷാരടി



 
 സുനില്‍ പാലാ
 
പ്രസിദ്ധമായ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വടക്കേനട കയറിച്ചെല്ലുമ്പോള്‍ ''മാലവഴിപാട്'' എന്ന ബോര്‍ഡ് തൂക്കിയ ഇടനാഴിയുടെ അങ്ങേയറ്റത്ത് മുരുകസ്തുതികളോടെ മാലകെട്ടുന്ന ഒരു എണ്‍പതുകാരനുണ്ട്. പ്രൊഫസര്‍ കേശവപിഷാരടി. 
 
വിശ്രമജീവിതത്തിലും വെറുതെയിരിക്കാതെ ഭഗവദ് ഉപാസനയുടെ മാല കെട്ടുകയാണീ ഗുരുശ്രേഷ്ഠന്‍. കിടങ്ങൂരില്‍ വാഴുന്ന ശ്രീസുബ്രഹ്മണ്യ സ്വാമിക്കും മഹാവിഷ്ണുവിനും അയ്യപ്പനും കൂത്തമ്പലത്തില്‍ അമ്മയ്ക്കും കൃഷ്ണഭഗവാനുമൊക്കെ നിത്യം ചാര്‍ത്തുന്ന മാലകള്‍ പിഷാരടി സാറിന്റെ കരവിരുതിനാല്‍ കോര്‍ത്തുകെട്ടുന്നവയാണ്. 
 
കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി നിത്യം കിടങ്ങൂര്‍ തേവരും ഉപദേവതകളും അണിയുന്ന മാലകള്‍ പൂക്കളോടുപൂക്കള്‍ ചേര്‍ത്ത് പുണ്യഹാരങ്ങളാക്കി മാറ്റുന്നത് കാലടി വളയംചിരങ്ങറ ശ്രീശങ്കര വിദ്യാപീഠത്തില്‍ നിന്ന് ഇംഗ്ലീഷ് വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്ത അധ്യാപക ശ്രേഷ്ഠനാണെന്ന് അറിയുന്നത് ചിരപരിചിതര്‍ക്ക് മാത്രം. മറ്റ് ഭക്തരെല്ലാം കാണുന്നത് സ്ഥിരമായുള്ള ഒരു മാലകെട്ടുകാരനായി മാത്രം. 


നിത്യം പുലര്‍ച്ചെ 5 ന് കുളിച്ച് റെഡിയായി പൂക്കൂടയുമായി അമ്പലത്തിന് ചുറ്റുമുള്ള വീടുകളില്‍ കയറിയിറങ്ങി പൂക്കള്‍ ശേഖരിക്കുന്ന പിഷാരടി സാര്‍ ആറ് മണിയോടെ ക്ഷേത്രത്തിലെത്തി അഞ്ച് മാലകള്‍ കെട്ടും. അഭിഷേകം കഴിഞ്ഞാലുടന്‍ ഭഗവാന്‍മാര്‍ക്ക് അണിയാന്‍ അഞ്ച് സുഗന്ധമാലകള്‍ വേണം. ചെത്തി, തുളസി, നന്ത്യാര്‍വട്ടം, കൂവളത്തില, ചെമ്പരത്തിപ്പൂവ് എന്നിവകൊണ്ട് ഞൊടിയിടയില്‍ പിഷാരടിസാര്‍ അഞ്ച് മാലകള്‍ റെഡിയാക്കും. കൂട്ടിന് നാമജപത്തിന്റെ അകമ്പടി മാത്രം. 80ന്റെ അവശതകളൊന്നും വകവയ്ക്കാതെയാണ് പിഷാരടി സാറിന്റെ ഈ സമര്‍പ്പിത ജീവിതം. അടുത്തകാലത്തായി അടുത്തയൊരു ബന്ധു സാറിന് സഹായിയായുണ്ട്.


പ്രൊഫ. കേശവപിഷാരടി അഥവാ 'രാജന്‍ അമ്പാലയം'


പ്രൊഫ. എന്‍.എ. കേശവപിഷാരടി എന്നു പറഞ്ഞാല്‍ എല്ലാവരും അറിയണമെന്നില്ല. നീണ്ട നാല്‍പ്പതു വര്‍ഷത്തോളം വിവിധ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകന്‍ ആയിരുന്നെങ്കിലും കേശവ പിഷാരടി സാര്‍ 'രാജന്‍ അമ്പാലയം' എന്ന പേരിലാണ് അറിയപ്പെടുന്നത്.

കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഒരു വിളിപ്പാടകലെ പടിഞ്ഞാറെ പിഷാരം വീട്ടില്‍ താമസിക്കുന്ന കേശവ പിഷാരടി സാര്‍ വിശ്രമജീവിതത്തിലും സാഹിത്യരചനയില്‍ സജീവമാണ്. ആനുകാലികങ്ങളില്‍ നാല്‍പ്പതോളം നോവലുകളും നൂറുകണക്കിന് ചെറുകഥകളുമായി ''രാജന്‍ അമ്പാലയം'' സാഹിത്യ ആസ്വാദകര്‍ക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഉറയുന്ന സര്‍പ്പങ്ങള്‍ എന്ന കഥ അടുത്തിടെ പ്രകാശനം ചെയ്തു. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ലാവണ്യമധുരമായി ആവിഷ്‌കരിക്കുന്ന കഥകളാണ് രാജന്‍ അമ്പാലയം എന്ന പിഷാരടി സാറിന്റെ രചനാവൈഭവം. 




പിഷാരടി സാറിന്റെ ജീവിതകഥയിങ്ങനെ.


മാവേലിക്കര കണ്ടിയൂര്‍ നൂലേലില്‍ പിഷാരത്ത് ജി. അച്യുതപിഷാരടിയുടെയും കൊച്ചുമഠത്തില്‍ ദേവകി പിഷാരസ്യാരുടെയും മകനായി 1942ല്‍ ജനിച്ച കേശവപിഷാരടി വീട്ടുകാര്‍ക്കെന്നും 'രാജനാണ്'. 
 
ഉജ്ജയിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബി.എ., എം.എ. ബിരുദങ്ങള്‍ നേടിയ പ്രൊഫ. കേശവ പിഷാരടി വിവിധ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 1997 ല്‍ കാലടി ശ്രീ ശങ്കരവിദ്യാപീഠത്തില്‍ നിന്നാണ് വിരമിച്ചത്. 
 
ഭാര്യ പരേതയായ പി.എന്‍. കമലാബായി റബര്‍ബോര്‍ഡില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു. സുജാത, ശ്രീജ, ശ്രീലജ എന്നിവരാണ് മക്കള്‍. മുരളീധരന്‍, നാരായണന്‍കുട്ടി, മധു എന്നിവര്‍ മരുമക്കളും.


''കഴിയുന്നത്ര ഭഗവാനെ ഉപാസിക്കുക. ഒപ്പം സാഹിത്യരചനയും''

കഴിയുന്നത്ര നാള്‍ ഭഗവാനെ ഉപാസിച്ച് ഈ മാലകെട്ടുമായി ഈ ക്ഷേത്രസന്നിധിയില്‍ കഴിയുക. ഒപ്പം എഴുത്തും വായനയും മുന്നോട്ട് കൊണ്ടുപോവുക ഇതാണെന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കിടങ്ങൂര്‍ തേവരുടെ സന്നിധിയിലിരുന്ന് ഇത് പറയുമ്പോള്‍ പിഷാരടി സാറിന്റെ ചുണ്ടുകള്‍ വിറപൂണ്ടു. കണ്ണുകളില്‍ നിന്ന് കണ്ണീര്‍ തുള്ളികളാല്‍ ഭഗവാനൊരു കൊച്ചുമാല.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments