വീപ്പ വച്ചതുകൊണ്ട് എന്തുകാര്യം സാറേ...? റോഡിലെ തുരുമ്പിച്ച ഗ്രില്ലില്‍ കാല്‍കുരുങ്ങി വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റിട്ട് ഒരു മാസം...


സുനില്‍ പാലാ

നഗരത്തില്‍ റിവര്‍വ്യൂ റോഡിന് സമീപം ഓടയുടെ മുകളില്‍ വിരിച്ചിരുന്ന ഇരുമ്പു ഗ്രില്ലിനിടക്ക് കാല്‍ കുരുങ്ങി പതിനെട്ടുകാരി വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തുരുമ്പിച്ച ഗ്രില്ലുകള്‍ ഇപ്പോഴും അതേപടി. പേരിന് ഒരു വീപ്പ സ്ഥാപിച്ച് റബര്‍ കെട്ടിയിട്ടുണ്ടെങ്കിലും ഇതൊന്നും അപകടം ഒഴിവാക്കാനുള്ള മാര്‍ഗ്ഗമേയല്ല.

കഴിഞ്ഞ മാസം 14 നാണ് തരുമ്പിച്ച ഇരുമ്പ് ഗ്രില്ലിനിടയില്‍ കാല്‍ കുരുങ്ങി കൊഴുവനാല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്കേറ്റത്. അന്ന് അവിടെയുണ്ടായിരുന്ന നഗരസഭയിലെ കുടുംബശ്രീ വനിതകളാണ് പരിക്കേറ്റ പെണ്‍കുട്ടിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ കാലിലെ മുറിവിന് അഞ്ച് തുന്നല്‍ ഇടേണ്ടി വന്നു. 
 

ഇതേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തനും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും തുടര്‍ന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള എല്ലാവിധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പ് അധികാരികളോട് അടിയന്തിര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് വസ്ത്രവ്യാപാരസ്ഥാപനത്തിന് സമീപത്തുകൂടി റിവര്‍വ്യൂ റോഡിലേക്കുള്ള ലിങ്ക് റോഡ് റിവര്‍വ്യൂറോഡില്‍ ചേരുന്നിടത്താണ് ഓടയുടെ ഇരുമ്പു മേല്‍മൂടി തകര്‍ന്നിരിക്കുന്നത്. ഇരുമ്പ് പൈപ്പും പട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ച ഇവിടുത്തെ മേല്‍മൂടി പഴകി ദ്രവിച്ച്് തുരുമ്പെടുത്ത് അപകടാവസ്ഥയിലാണ്. ആരെങ്കിലും ചവിട്ടിയാലുടന്‍ ഓടയില്‍ വീഴുകയോ കാല്‍ മുറിയുകയോ ചെയ്യുമെന്നുറപ്പ്.


എത്രയുംവേഗം തുരുമ്പിച്ച ഗ്രില്ല് മാറ്റി പുതിയത് സ്ഥാപിക്കണം - നഗരസഭാ കൗണ്‍സില്‍

ഇന്നലെ ചേര്‍ന്ന പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ഈ വിഷയം ഉയര്‍ന്നു. ഭരണപക്ഷത്തെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ടാണ് ഈ വിഷയം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഏറെ അപകടകരമായ ഈ ഗ്രില്ലുകള്‍ എത്രയും വേഗം മാറ്റണമെന്ന സാവിയോയുടെ ആവശ്യത്തോട് പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും പൂര്‍ണ്ണ പിന്തുണ നല്‍കി. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ കൗണ്‍സിലിനെ അറിയിച്ചു.


രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കും

ഇരുമ്പ് ഗ്രില്ലുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി. റോഡ്‌സ് ഡിവിഷന്‍ (പാലാ) അധികാരികള്‍ പറഞ്ഞു. വേറെ വര്‍ക്കില്‍ ഉള്‍പ്പെടുത്തി പുതിയ ഗ്രില്ല് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും പി.ഡബ്ല്യു.ഡി. അധികാരികള്‍ പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments