പാലാ കണ്ടു, ക്ലാസ് മുറിയിലെ അമേരിക്കന്‍ മാതൃക...


 സുനില്‍ പാലാ

''ഇന്ത്യയില്‍ ടീച്ചര്‍മാര്‍ കുട്ടികളെ തേടി ക്ലാസുകളിലേക്ക് വരികയല്ലേ. ഞങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല. കുട്ടികള്‍ അധ്യാപകരെ തേടി വരികയാണ്. ഓരോ വിഷയങ്ങള്‍ക്കുമുള്ള അധ്യാപകര്‍ക്ക് ഓരോ മുറികളുണ്ട്. അവിടെ ആ വിഷയവുമായി ബന്ധപ്പെട പഠനസാമഗ്രികള്‍ എല്ലാം തയ്യാറാക്കി വച്ചിരിക്കും. അതാത് വിഷയം പഠിക്കേണ്ട കുട്ടികള്‍ അദ്ധ്യാപകരെ തേടി ഈ മുറികളിലേക്ക് വരികയാണ്''. കേരളത്തിലെ സ്‌കൂളുകളും അമേരിക്കയിലെ സ്‌കൂളുകളും തമ്മിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ച് യെസ് വാര്‍ത്തയോട് വിശദീകരിക്കുകയായിരുന്നു അമേരിക്കയിലെ ഫുള്‍ ബ്രൈറ്റ് അദ്ധ്യാപകരായ ആമി കാന്‍ഡ്രലും മരിയ പ്രെസ്റ്റണും. 


 


ഇവിടെ കുട്ടികള്‍ക്കാണ് ക്ലാസ് റൂമെങ്കില്‍ അമേരിക്കയില്‍ ടീച്ചര്‍മാര്‍ക്കാണ് ക്ലാസ് റൂം. ഇന്ത്യയില്‍ തിയറി അടിസ്ഥാനമാക്കിയാണ് പഠനമെങ്കില്‍ കുട്ടികളെക്കൊണ്ട് ആക്ടിവിറ്റികളും പരീക്ഷണ നിരീക്ഷണങ്ങളും നടത്തിക്കൊണ്ടും പ്രോജക്ടുകള്‍ കൊടുത്തുകൊണ്ടുമാണ് അമേരിക്കയില്‍ പഠനം മുന്നോട്ട് പോകുന്നത്. ജീവിതത്തില്‍ ഓരോരുത്തര്‍ക്കുമുള്ള കഴിവിനനുസരിച്ചുള്ള ക്ലാസുകളും അമേരിക്കയില്‍ സിലബസിന്റെ ഭാഗമാണെന്നും ആമി കാന്‍ഡ്രലും മരിയ പ്രെസ്റ്റണും ചൂണ്ടിക്കാട്ടി. 
 



ഗ്ലോബല്‍ ക്ലാസ്സ് റൂമിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുമെത്തിയ ഇരുവരും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംവദിച്ചു. ഫുള്‍ ബ്രൈറ്റ് അദ്ധ്യാപകര്‍ സന്ദര്‍ശിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

ഫുള്‍ ബ്രൈറ്റ് അധ്യാപകരുടെ ക്ലാസുകള്‍  കുട്ടികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ രീതികളുടെ അവതരണവും പാഠ്യപദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ആമി കാന്‍ഡ്രലും മരിയ പ്രെസ്റ്റണും ഇന്ന് അമേരിക്കയിലേക്ക് മടങ്ങും.


അമേരിക്കന്‍ ടീച്ചര്‍മാര്‍ ഇന്നലെ ക്ലാസിലെത്തിയത് കേരളീയ വേഷമണിഞ്ഞ്

ആമി കാന്‍ഡ്രലും മരിയ പ്രെസ്റ്റണും ഇന്നലെ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് മുറിയിലെത്തിയത് കേരളീയ വേഷമണിഞ്ഞ്. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഇരുവരെയും സാരിയുടുപ്പിച്ചത്. തലയില്‍ മുല്ലപ്പൂവും ചൂടിയിരുന്നു. അദ്ധ്യാപികമാരില്‍ ആമി കാന്‍ഡ്രല്‍ സൈക്കോളജിയിലും സോഷ്യോളജിയിലും എഡ്യൂക്കേഷനിലും ബിരുദധാരിയും നീന്തല്‍ പരിശീലകയുമാണ്. മരിയ പ്രെസ്റ്റണ്‍ അദ്ധ്യാപിക എന്നതിനൊപ്പം ചിത്രകാരിയും എഴുത്തുകാരിയുമാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments