മറ്റക്കര: പ്രദേശത്തെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പ് ശല്യം രൂക്ഷം. അകലക്കുന്നം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ആലുംമൂടിന് സമീപം തുരുത്തിപ്പള്ളി ചിറയിലാണ് പെരുമ്പാമ്പുകളെ കാണുന്നത്. ഏകദേശം 18 ഏക്കറോളം വിസ്തൃതി വരുന്ന ഈ തണ്ണീർത്തടപ്രദേശം കാട് കയറിക്കിടക്കുകയാണിപ്പോൾ. ഇവിടമാണ് പെരുമ്പാമ്പുകളുടെ താവളമായി മാറിയത്. പോയ വർഷങ്ങളിലെ പ്രളയങ്ങളിൽ ഒഴുകിയെത്തിയ പാമ്പുകൾ പെറ്റ് പെരുകിയതാവാം എന്ന്
കരുതപ്പെടുന്നു. അപൂർവ്വയിനം പക്ഷികളുടേയും മറ്റ്
ജലജീവികളുടേയും ആവാസ മേഖലയാണ് തുരുത്തിപ്പള്ളിച്ചിറ. താമരക്കോഴികൾ, കൊറ്റികൾ, വിവിധ തരം ശുദ്ധജല മത്സ്യങ്ങൾ, പച്ച തവളകൾ എന്നിവയുടെയെക്കെ ആവാസ മേഖലയായിരുന്നു തുരുത്തിപ്പള്ളി ചിറ. പെരുമ്പാമ്പുകൾ പെരുകിയതോടെ ഇത്തരം ജീവികളെ ഇപ്പോൾ അപൂർമായി മാത്രമേ കാണാനുള്ളൂ എന്ന് പ്രദേശവാസികൾ പറയുന്നു. പെരുമ്പാമ്പ് ശല്യം മൂലം പ്രദേശത്തെ
ക്ഷീരകർഷകരും വലിയ ഭീതിയിലാണ്. പ്രദേശത്ത് കന്നുകാലികളെ മേയ്ക്കുന്നവരും പുല്ലുചെത്തുന്നവരും പെരുമ്പാമ്പ് ശല്യം മൂലം ഭീഷണിയിലാണ്. സമീപ പ്രദേശത്തെ റോഡുകളിലും മറ്റും പകൽ സമയത്തും പാമ്പുകളെ കാണുന്നതായി പറയുന്നു. നിരവധി വീടുകളും പ്രദേശത്ത് ഉള്ളതിനാൽ ജനങ്ങളുടെ സ്വര്യൈ ജീവിതത്തിനും ഇവ ഭീഷണിയാകാം. തുരുത്തിപ്പള്ളി
ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ് കൂടിയാണിത്. വളർന്നു വരുന്ന തുരുത്തിപ്പള്ളി ടൂറിസം പദ്ധതിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കാട്കയറി മൂടിയ വിശാലമായ ചിറ ഭാഗത്തേക്ക് ഇവ മറഞ്ഞാൽ വനം വകുപ്പ് വന്നാലും ഇവയെ പിന്നീട് കണ്ടെത്തുക
പ്രയാസമാണ്. പ്രദേശം വൃത്തിയാക്കി തുരുത്തിപ്പളളി ടൂറിസവുമായി ബന്ധിപ്പിക്കുകയോ കൃഷിക്ക് അനുയോജ്യമാക്കി മാറ്റുകയോ ചെയ്താൽ പെരുമ്പാമ്പ് ശല്യം ഒരു പരിധി വരെ കുറയും എന്ന് പറയുന്നു. പെരുമ്പാമ്പ് ശല്യം ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മറ്റക്കര സബർമതി ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
0 Comments