സ്കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തയാറെടുപ്പുകൾ പൂർത്തിയായി.
7 ' നാണ്ദർശന പ്രധാനമായ സ്കന്ദഷഷ്ഠി. ഇതോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്ക് പുലർച്ചെ നാലിനു തുടക്കമാകും. നിർമാല്യ ദർശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചയ്ക്ക് സ്കന്ദഷഷ്ഠി പൂജയോടെയാണു സമാപിക്കുക.
നിർമാല്യ ദർശനത്തിനുശേഷം അഞ്ചിന് ഗണപതി ഹോമവും ഉഷഃപൂജയും നടക്കും. ആറിന് എതൃത്ത പൂജയും എതൃത്ത ശ്രീബലിയും. പന്തീരടി പൂജയ്ക്കു ശേഷം 12 മുതൽ ദർശനപ്രധാനമായ നവകാഭിഷേകവും പാലഭിഷേകവും പഞ്ചഗവ്യാഭിഷേകവും നടക്കും.
ഉച്ചയ്ക്ക് 12.30നാണ് ഏറെ പ്രധാനമായ സ്കന്ദഷഷ്ഠി പൂജ. സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠി വ്രതമെന്നാണ് വിശ്വാസം. ഒരു സ്കന്ദഷഷ്ഠി വ്രതം ആറു വ്രതത്തിനു തുല്യമാണ്. പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ അതിനു തുടക്കമിടുന്നതും തുലാമാസ ഷഷ്ഠിയായ സ്കന്ദ ഷഷ്ഠിയിലാണ്. ഷഷ്ഠിപൂജ തൊഴുതശേഷം ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യം സ്വീകരിച്ചാണു ഭക്തർ വ്രതം അവസാനിപ്പിക്കുന്നത്.
രാവിലെ മുതൽ ക്ഷേത്രത്തിൽ അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം എന്നിവയുണ്ടാകും. കിടങ്ങൂർ തേവർക്ക് പ്രധാനമായ നെയ്യമൃത് സമർപ്പണം , ഒരു കൂടം പാൽ സമർപ്പണം, വേൽ സമർപ്പണം എന്നീ വഴിപാടുകളും ഭക്തർക്ക് നടത്താവുന്നതാണ്.
ക്ഷേത്രക്കടവിൽ പോയി ദേഹശുദ്ധി വരുത്തി ഭക്തർ നെയ്യ്, പാൽ എന്നിവ നിറച്ച് ഭഗവാന് നാമജപത്തോടെ പ്രദീക്ഷിണം വച്ച് ഭഗവാന് സമർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
പഞ്ചാമൃതവും കടുംപായസവും നിവേദ്യവുമടക്കം പ്രസാദവിതരണത്തിന് പുലർച്ചെ മുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളും വിശ്രമിക്കാനുള്ള പ്രത്യേക പന്തലുകളും ഒരുക്കിയിട്ടുണ്ട്. മാനേജർ എൻ.പി. ശ്യാംകുമാർ നമ്പൂതിരി, സെക്രട്ടറി ശ്രീജിത്ത് നമ്പൂതിരി, അസിസ്റ്റന്‍റ് മാനേജർ എസ്. നാരായണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.






0 Comments