അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥിനീസംഗമം അൽസ്റ്റാജിയ 2025 നടത്തപ്പെട്ടു.



പാലാ അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥിനീസംഗമം അൽസ്റ്റാജിയ 2025  ജനുവരി 25 ന് നടത്തപ്പെട്ടു. തങ്ങളുടെ മാതൃകലാലയത്തിൽ പൂർവ്വവിദ്യാർത്ഥിനികൾ  ഒത്തുചേർന്നു. സംഗമത്തോടനുബന്ധിച്ച് വർണ്ണാഭമായ ഇൻ്റർകോളേജിയറ്റ് ഡാൻസ് മത്സരം കോഡാക്സ് 2K25 രാവിലെ 9:30 മുതൽ നടത്തപ്പെട്ടു. വിവിധ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് ചൂണ്ടച്ചേരി ഒന്നാം സ്ഥാനവും മാർ ആഗസ്തീനോസ് കോളേജ് രാമപുരം രണ്ടാം സ്ഥാനവും ദേവമാതാ കോളേജ് കുറവിലങ്ങാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


 വിജയികൾക്ക് യഥാക്രമം 15000 രൂപ, 10000 രൂപ, 7000 രൂപ വീതം കാഷ് അവാർഡുകളും എവർ റോളിങ് ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനമായി നല്കപ്പെട്ടു.  ഔദ്യോഗിക സമ്മേളനം 11:30 ന് ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ റവ ഡോ. ഷാജി ജോൺ  ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. കോളേജ് അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ആൻസി ജോസഫ്  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ്, എയർ കൊമേഡ്
ഡോ. പൗളിൻ ബാബു  മുഖ്യാതിഥി ആയിരുന്നു. ആർമിയിലെ പരിശീലനം സ്വന്തം ജീവിതത്തെ എപ്രകാരം ചിട്ടപ്പെടുത്തിയെന്നു വിവരിച്ച ഡോ. പൗളിൻ ബാബു, ഓരോ വിദ്യാർത്ഥിനിയും തൻ്റെ ഉള്ളിലെ പ്രതിഭാശാലിയെ ഉണർത്തി, ഉരച്ചു മിനുക്കി കരുത്തുള്ളവളായി കഴമ്പുള്ള ജീവിതം നയിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.  



 'സ്വർഗ്ഗം' സിനിമയുടെ സംവിധാനം, അഭിനയം, നിർമ്മാണം ഇവയിലൂടെ പ്രശസ്തയായ  പൂർവ്വവിദ്യാർത്ഥിനി ശ്രീമതി ലിസി ഫെർണാണ്ടസിനെ സമ്മേളനത്തിൽ ആദരിച്ചു . ഈ അദ്ധ്യയന വർഷം വിരമിക്കുന്ന  റവ ഡോ. ഷാജി ജോൺ ( പ്രിൻസിപ്പൽ ), ഡോ ജസ്റ്റി ഇമ്മാനുവൽ (ഹിന്ദി വിഭാഗം), ശ്രീമതി ബിജിമോൾ ജോസഫ് (ലൈബ്രേറിയൻ), ശ്രീ ബോസ്കോച്ചൻ തോമസ്  (ഓഫീസ് സ്റ്റാഫ്) എന്നിവരെയും സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 15 പൂർവ്വവിദ്യാർത്ഥിനികളെയും മുൻ അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മുൻ അദ്ധ്യാപിക മിസ് റെബേക്കാ സൂസൻ മാർഗരറ്റ് രചിച്ച കവിതാ സമാഹാരം പ്രസ്തുത സമ്മേളനത്തിൽ പ്രകാശനം ചെയ്തു. ശ്രീമതി മാഗി ജോസഫ് , ഡോ ഷൈനി ജോസ്, ശ്രീമതി പെണ്ണമ്മ ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും  നടത്തപ്പെട്ടു.


 പൂർവ്വവിദ്യാർത്ഥിനി സംഗമത്തോട നുബന്ധിച്ച് വസ്ത്രാഭരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും വിപണനവും ഉണ്ടായിരുന്നു. ആഘോഷ പരിപാടികൾക്ക് കോളേജ് ബർസാർ റവ ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ സിസ്റ്റർ മിനിമോൾ മാത്യു, ഡോ സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മിസ് റൂബി മോൾ ഫിലിപ്പ്, മിസ് ജൂലി പറമുണ്ടയിൽ, മിസ് ജെസി കെ ജോസ്, പ്രൊഫ. റോസിലിൻ ജോർജ്ജ് എന്നിവർ നേതൃത്വം നല്കി. കലാലയ സ്മരണകൾ അയവിറക്കി പൂർവ്വ വിദ്യാർത്ഥിനീസംഗമം സമാപിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments