വിശുദ്ധ സെബസ്ത്യാനോസും വിശുദ്ധ സ്ഥാപകയോഹന്നാനും പൊന്‍വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളി വന്നപ്പോള്‍ ഉമാമഹേശ്വരന്‍മാരുടെ വക ഐശ്വര്യത്തിന്റെ നിലവിളക്ക്........; മതസാഹോദര്യത്വത്തിന്റെ കുടിനീര്‍ വിതരണം ........ ഹൈന്ദവ സഹോദരങ്ങളെ പ്രകീർത്തിച്ചു കൊണ്ട് പാലാ രൂപതയിലെ പ്രമുഖ യുവ വൈദികനും രാമപുരം മാർ ആഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പലുമായ റവ. ഫാ. ജോസഫ് ആലഞ്ചേരിലിൻ്റെ വാക്കുകൾ ...... ഫാ. ജോസഫിൻ്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളുടെ ഓഡിയോ
സ്വന്തം ലേഖകൻ
ഏഴാച്ചേരി സെന്റ് ജോണ്‍സ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം കടന്നുവന്നപ്പോഴാണ് കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിന്റെ കവാടത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ ശോഭ പകര്‍ന്ന് നിലവിളക്കുകള്‍ മിഴിതുറന്നത്. നാടിന്റെ നന്‍മയും പുണ്യവുമായൊരു പെരുന്നാള്‍.
ഓഡിയോ ഇവിടെ കേൾക്കാം👇👇👇
കുരിശും കുടയുമേന്തി നടന്നുവന്ന വിശ്വാസികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്തതും ക്ഷേത്രം ഭാരവാഹികള്‍.
ഇത്തവണത്തെ പള്ളിപ്പെരുന്നാളിന് കാവിന്‍പുറം ക്ഷേത്രം ഭാരവാഹികളെ ക്ഷണിച്ചുകൊണ്ട് ഏഴാച്ചേരി പള്ളിവികാരി റവ. ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി കത്തുകൊടുത്തതും തുടര്‍ന്ന് അമ്പലക്കമ്മറ്റിക്കാര്‍ പെരുന്നാളിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് വിവിധ ഇടങ്ങളില്‍ കമാനങ്ങളുയര്‍ത്തിയതും ഞായറാഴ്ച പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുരിശുപള്ളികവലയില്‍ നാലിടത്തുനിന്നുള്ള പ്രദക്ഷിണങ്ങള്‍ സംഗമിച്ചത് ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് നടന്ന തിരുനാള്‍ സന്ദേശത്തില്‍ ഹൈന്ദവ ജനതയുടെ പെരുന്നാളിനോടുള്ള സഹകരണത്തെ രാമപുരം മാര്‍ ആഗസ്തിനോസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കൂടിയായ റവ. ഫാ. ജോസഫ് ആലഞ്ചേരില്‍ ഏറെ പ്രശംസിച്ചു. കേരളത്തിലെ ഹൈന്ദവ ജനത സുവിശേഷ മൂല്യങ്ങളോട് എന്നും ആദരവും ഭക്തിയും പുലര്‍ത്തിയിട്ടുള്ള സമൂഹമാണ്.
ഇതിന്റെ പിന്തുടര്‍ച്ചയായി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ഭാരവാഹികള്‍ കാണിച്ച മനുഷ്യനന്‍മയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും പുണ്യവെളിച്ചം ഉള്‍ക്കൊള്ളാന്‍ ക്രൈസ്തവ സമൂഹവും തയ്യാറായത് നാടിന്റെ പുണ്യമാണെന്നന്നും ഫാ. ജോസഫ് ആലഞ്ചേരില്‍ ചൂണ്ടിക്കാട്ടി.
കാവിന്‍പുറം ക്ഷേത്രം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, സുരേഷ് ലക്ഷ്മിനിവാസ്, ത്രിവിക്രമന്‍ നായര്‍, ബാബു പുന്നത്താനം, തങ്കപ്പന്‍ കൊടുങ്കയം, ഗോപകുമാര്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ആര്‍. സുനില്‍കുമാര്‍ സന്ധ്യ സുരേഷ്, ശ്രീജ അനില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പെരുന്നാള്‍ പ്രദക്ഷിണത്തെ വരവേറ്റതും കുടിവെള്ളം വിതരണം ചെയ്തതും.
0 Comments