അന്ന് പൊതുവഴി, ഇന്ന് പെരുവഴി... കാവുംകണ്ടം - അഞ്ചിരി റോഡ് തകര്‍ന്ന നിലയില്‍


നീലൂര്‍, മറ്റത്തിപ്പാറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാവുംകണ്ടം -അഞ്ചിരി റോഡ്  പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. അധികാരികള്‍ ഗൗനിക്കുന്നേയില്ല;  ജനപ്രതിനിധികള്‍ ആരും തിരിഞ്ഞു നോക്കുന്നുമില്ല  എന്നാണ് നാട്ടുകാരുടെ പരാതി.

നീലൂര്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പിടാനാണ്  റോഡ് പൊട്ടിപ്പൊളിച്ചതെന്നാണ് ന്യായീകരണം. മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനെപ്പറ്റി ആരും ഒന്നും പറയുന്നില്ല.

നിരവധി വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. ഭദ്രകാളി ക്ഷേത്രം ,മൈലാടുംപാറ കുരിശടി, എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയുമാണിത് . ഭക്തജനങ്ങളും  സ്‌കൂള്‍ - കോളജ്  വിദ്യാര്‍ത്ഥികളും  ഉള്‍പ്പെടെയുള്ള ധാരാളം കാല്‍നടയാത്രക്കാര്‍ നിത്യേന സഞ്ചരിക്കുന്ന വഴി.
 

 

പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ശോച്യാവസ്ഥ മൂലം യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. റോഡിലെ മെറ്റല്‍ ഇളകി കിടക്കുന്നതും വലിയ  കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാലും  വാഹനങ്ങള്‍  കടന്നു പോകാന്‍ ഏറെ പ്രയാസപ്പെടുന്നു. 


കാല്‍നട യാത്രക്കാരുടെ കാര്യം പറയുകയും വേണ്ട.
ജീവന്‍ പണയം വെച്ചാണ് ഈ റോഡിലൂടെ ജനങ്ങള്‍ യാത്ര ചെയ്യുന്നത് .റോഡിലെ കുണ്ടും കുഴിയും മൂലം വാഹനങ്ങളും യാത്രക്കാരും ഒരുപോലെ അപകടത്തില്‍പ്പെടുന്നതും  പതിവാണ്.

ഈ  റോഡിലൂടെയുള്ള യാത്രയില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും അപകടമുണ്ടാകുന്നതും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.



നടപടിയില്ലെങ്കില്‍ ഇനി സമരം

റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് എ. കെ. സി. സി, പിതൃവേദി കാവുംകണ്ടം യൂണിറ്റ് അധികാരികളോട് ആവശ്യപ്പെട്ടു. ജോജോ പടിഞ്ഞാറയില്‍  അധ്യക്ഷത വഹിച്ചു. ഫാ. സ്‌കറിയ വേകത്താനം,ഡേവീസ് കെ. മാത്യു കല്ലറക്കല്‍, ബിജു ഞള്ളായില്‍ രാജു അറയ്ക്കകണ്ടത്തില്‍ ,അഭിലാഷ് കോഴിക്കോട്ട്,ബേബി തോട്ടാക്കുന്നേല്‍, ജോസ് കോഴിക്കോട്ട് തുടങ്ങിയവര്‍പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments