ആകാശ പറവകളുടെ കൂട്ടുകാർക്ക് അന്നദാനം നടത്തി കാവുംകണ്ടം ഇടവകയുടെ കാരുണ്യ പ്രവർത്തനം ശ്രദ്ധേയമാകുന്നു
ജീവകാരുണ്യ മേഖലയിൽ കാവുംകണ്ടം ഇടവകയുടെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ഇടവകയുടെ സമീപപ്രദേശങ്ങളിലെ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ നൽകിക്കൊണ്ട് കൈത്താങ്ങായി മാറുന്നു. തെരുവോരങ്ങളിലെ അനാഥരും നിരാലംബരുമായ വരെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ആകാശപ്പറവകളുടെ കൂട്ടുകാർ. ബഹുമാനപ്പെട്ട ജോർജ് കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ 1993 ൽ ചെന്നായ്പ്പറയിൽ ആരംഭിച്ച കൂട്ടായ്മയാണ് ആകാശപ്പറവകളുടെ കൂട്ടുകാർ. ഇതിന്റെ ഒരു ശാഖ 2023 നവംബറിൽ രാമപുരം കേന്ദ്രീകരിച്ച് ആരംഭിച്ചു.
തെരുവിൽ അലയുന്നവരും നിരാലംബരുമായ ധാരാളം പേരെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ട് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് നയിക്കുകയും ചെയ്യുന്നു. സിബി സെബാസ്റ്റ്യൻ താന്നിക്കുഴുപ്പിലിന്റെ നേതൃത്വത്തിൽ മുപ്പതോളം കുടുംബങ്ങൾ കാരുണ്യ പ്രവർത്തന രംഗത്ത്ശുശ്രൂഷ ചെയ്യുന്നു. ഏതാനും വർഷങ്ങളായി കാവുംകണ്ടം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ പൊതിച്ചോർ - പാഥേയം കാരുണ്യ സ്ഥാപനങ്ങൾക്ക് നൽകിവരുന്നു. "
ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല" എന്ന തിരുവചനസന്ദേശം ഉൾക്കൊണ്ട് കുട്ടികൾ മുതൽ മുതിർന്നവർ വരെ അന്നദാനം പോലെയുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുന്നു. വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷണപ്പൊതികൾ വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ ആകാശപ്പറവകളുടെ കൂട്ടുകാർക്ക് കൈമാറി.
ജോജോ പടിഞ്ഞാറയിൽ, സിബി താന്നിക്കുഴുപ്പിൽ, ഷിജോ ഇളന്തിക്കുന്നേൽ, ദേവസ്യ കോട്ടിച്ചേരിൽ, സജിമോൻ ചേലപ്പുറത്ത്, ബേബി അരീക്കൽ, ബാബു മങ്ങാട്ട്, ആഗസ്റ്റിൻ കുളത്തുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments