മീനച്ചിൽ താലൂക്കിന്റെ ക്രൂരത നിറഞ്ഞ അടിമ ചരിത്രം ഇനിയും പറയേണ്ടതുണ്ട് : ഡോ. വിനിൽ പോൾ.......
പാലാ തീയേറ്റർ ഹട്ടിന്റെ നേതൃതത്തിൽ പാലാ മുനിസിപ്പൽ ആർമി, മുനിസിപ്പൽ കൾച്ചറൽ ക്ലബ്ബ് രാഗമാലിക ടെക്‌നോ ജിപ്സി എന്നിവരുടെ സഹകരണത്തിൽ മുനിസിപ്പൽ ലൈബ്രറിയിൽ നടക്കുന്ന ‘പാലം 2025’ മീനച്ചിൽ താലൂക്കിന്റെ ചരിത്രത്തിലെ പൊള്ളുന്ന യാഥാർഥ്യങ്ങളെ തുറന്നുകാട്ടി. മേലുകാവും പാലായും ഒരുകാലത്ത് കടന്നുപോയ ജാതി ചൂഷണത്തെക്കുറിച്ചും അടിമ കച്ചവടത്തെക്കുറിച്ചും ഡോ. വിനിൽ പോൾ സംസാരിച്ചു.
രാവിലെ വായനശാലയും ഗ്രന്ഥശാലയും ഓടിനടന്ന് കണ്ട് കുഞ്ഞരങ്ങിലെ കുഞ്ഞു കലാകാരന്മാരും കലാകാരികളും. മുനിസിപ്പൽ ലൈബ്രേറിയൻ സിസിലി പി നയിച്ച വായനശാലയെ അറിയാം എന്ന ക്ലാസിലാണ് കുട്ടികൾ പുസ്തകങ്ങളെ അടുത്തറിഞ്ഞത്. എഴുത്തിന്റെ ലോകത്തേക്ക് കുട്ടികളെ ആനയിച്ചതായിരുന്നു മൂവാറ്റുപുഴ നിർമ്മല കോളജ് അധ്യാപകൻ ഡോ. പി ബി സനീഷ് നയിച്ച സാഹിത്യ ശില്പശാല. ടെക്‌നോ ജിപ്സി നയിച്ച നാടകകളരിയിൽ കുട്ടികൾ നാടകീയ മുഹൂർത്തങ്ങൾ അരങ്ങിൽ അവതരിപ്പിച്ചു.
ഉച്ചക്ക് ശേഷം ചരിത്രകാരനും എഴുത്തുകാരനും കൊല്ലം ഫാത്തിമ കോളജ് അധ്യാപകനുമായ ഡോ. വിനിൽ പോൾ കുട്ടികളും ചരിത്രവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. യുദ്ധത്തിനല്ല മറിച്ച് ഭാവിയുടെ സമാധാനത്തിനാണ് ചരിത്ര രചനകൾ ഉപയോഗിക്കേണ്ടതെന്ന് വിനിൽ പോൾ അഭിപ്രായപ്പെട്ടു. കുട്ടികൾ സ്വന്തം കുടുംബചരിത്രത്തെ രേഖപ്പെടുത്തുവാൻ തുടങ്ങുമെന്ന് തീരുമാനമെടുത്ത് ക്ലാസുകൾ സമാപിച്ചു. വൈകിട്ട് നടന്ന കൂടിയിരുപ്പിൽ ജയകൃഷ്ണൻ വെട്ടൂരിനെ അനുസ്മരിച്ചു. ഡോ. വിനിൽ പോൾ ജനകീയ ചരിത്രം എന്താണ് നമ്മോട് പറയുന്നത് എന്ന വിഷയത്തിൽ സംസാരിച്ചു. വൃണിത ഓർമ്മകൾ നിറഞ്ഞ മനുഷ്യരുടെ അപമാനത്തിൽ നിന്നുമാണ് സ്വാതന്ത്ര്യ സമരങ്ങൾ തുടങ്ങുന്നതെന്ന് വിനിൽ പോൾ പറഞ്ഞു. മനുഷ്യനെ വിറ്റിരുന്ന അടിമ ചന്തകളുടെ ചരിത്രം നിറഞ്ഞ ഇടമാണ് പാലായും ചങ്ങനാശേരിയും തിരുനക്കരയും.
ആ ഇടങ്ങളിൽ നിന്നും അന്തസിനായി ഒളിച്ചോടിയവരുടെ വിമോചനചരിത്രം കൂടി ചേർത്താൽ മാത്രമെ കോട്ടയത്തിന്റെ ചരിത്രം പൂർണ്ണമാവുകയുള്ളു എന്ന് വിനിൽ പോൾ പറഞ്ഞു. ലക്ഷ്മി ശശിധരൻ, ബിജോയ് മണ്ണാർക്കാട്, വിഘ്‌നേശ് എസ്, കെ സി ജോസ് ബാബു കുരുവിള ജോണി ജെ പ്ലാത്തോട്ടം, എം എസ് രാധാകൃഷ്ണൻ, കിരൺ രഘു, അജേഷ് എസ് എസ്, സഞ്ജന, അഖില, നന്ദന, എം എ ആഗസ്തി എന്നിവർ പങ്കെടുത്തു. അന്തരിച്ച അദ്ധ്യാപകൻ എം എസ് ശശിധരൻ, കലാകാരൻ പ്രഭ പാലാ, നാടകപ്രവർത്തകൻ ഓണംതുരുത്ത് രാജശേഖരൻ എന്നിവരുടെ സ്മരണാർത്ഥമാണ് പാലം നടത്തുന്നത്. നാളെ ഉഷ കെ ബി, ഷിബി ബാലകൃഷ്ണൻ, കുമാരദാസ് ടി എൻ, രാകേഷ് ഗോപാൽ എന്നിവർ ശില്പശാലയും കൂടിയിർപ്പും നയിക്കും. മെയ് 12 വരെ പാലം 2025 നടക്കും.
0 Comments