കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കെ സുധാകരന് പകരം പുതിയ കെപിസിസി പ്രസിഡന്റ് വരുമോ. ഈ വിഷയത്തിലെ ഹൈക്കമാന്‍ഡ് തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നിരിക്കെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയും കരുനീക്കങ്ങളും സജീവമാകുന്നു.
മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്റെ മുനവെച്ച പ്രസ്താവനയും പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ സുധാകരനുള്ള തുറന്ന പിന്തുണയും നേതാക്കള്‍ക്കിടയിലെ അതൃപ്തിയുടെ സൂചനയാണെന്നാണ് വിലയിരുത്തല്‍. ഒരു വിഭാഗം യുവ നേതാക്കള്‍ക്കും സുധാകരന്‍ തുടരണമെന്ന നിലപാടാണുള്ളത്.
‘ഫോട്ടോ കണ്ടാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പെട്ടെന്ന് മനസിലാവുന്ന ആളായിരിക്കണം പുതിയ കെപിസിസി പ്രസിഡന്റ്’ എന്ന് കെ മുരളീധരന്റെ നിലപാട് സുധാകരന്‍ മാറേണ്ട കാര്യമില്ലെന്ന് സൂചനയാണ് നല്‍കുന്നത്. തരൂരും സുധാകരനെ മാറ്റാനുള്ള നീക്കത്തോട് ഒട്ടും അനുകൂലമായല്ല പ്രതികരിച്ചത്. മൂന്ന് ഉപതെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ജയിക്കാന്‍ നേതൃത്വം നല്‍കിയ സുധാകരന്‍ മാറുന്നുവെങ്കില്‍ അതേ പാക്കേജിന്റെ ഭാഗമായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ വിഡി സതീശന്‍ എന്ത് ചെയ്യും എന്ന ചോദ്യമാണ് നേതാക്കള്‍ പരോക്ഷമായി ചോദിക്കുന്നത്.
സുധാകരന്‍ സ്ഥാനം ഒഴിയുന്ന നിലയുണ്ടായില്‍ അദ്ദേഹത്തിന് ഉചിതമായ പരിഗണന നല്‍കുന്ന നിലയില്‍ ആയിരിക്കും പുതിയ പാക്കേജ് എന്നും സൂചകളുണ്ട്. എഐസിസി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സംവിധാന്‍ ബെച്ചാവോ’ റാലിയില്‍ പങ്കെടുക്കുന്നതിനായി കെ സുധാകരന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ ദീപാദാസ് മുന്‍ഷി എന്നിവര്‍ തിരുവനന്തപുരത്തുണ്ട്. അതിനാല്‍ സംസ്ഥാന നേതൃത്വത്തിലെ മാറ്റം സംബന്ധിച്ച നിര്‍ണായ ചര്‍ച്ചകളും ഞായറാഴ്ച ഉണ്ടായേക്കും എന്നാണ് വിലയിരുത്തല്‍.
ആന്റോ ആന്റണി എംപി, പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് നിലവില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകള്‍. തുടര്‍ച്ചയായി നാല് തവണ പത്തനംതിട്ട എം പി കോട്ടയം മുന്‍ ഡിസിസി പ്രസിഡന്റ്, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍, എ ഗ്രൂപ്പിന്റെ പ്രതിനിധി എന്നിവയാണ് ആന്റോ ആന്റണിയുടെ യോഗ്യതകള്‍. പല ഉപഗ്രൂപ്പായി മാറിയ ഐ ഗ്രൂപ്പിന്റെ പ്രതിനിധി കണ്ണൂര്‍ യുഡിഎഫ് ചെയര്‍മാന്‍ എന്നീ യോഗ്യതകളാണ് സണ്ണി ജോസഫിനുള്ളത്.
എന്നാല്‍, സംസ്ഥാന കോണ്‍ഗ്രസിന്റെ അവസാനവാക്കായ കെപിസിസി പ്രസിഡന്റ് പദവിയില്‍ ഇരിക്കാനുള്ള തലപൊക്കം ഇവർക്കില്ലെന്ന് ആശങ്കയാണ് കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന്റെ പ്രതികണങ്ങളിലൂടെ വെളിപ്പെടുന്നത്. ഇരുവരില്‍ ഒരാള്‍ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് എത്തിയാല്‍ പ്രതിപക്ഷ നേതാവിന്റെ ഏകപക്ഷീയ ഇടപെടലും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കലിനും വഴിവയ്ക്കും എന്ന ആശങ്കയും ഈ വിഭാഗം നേതാക്കള്‍ പങ്കുവെക്കുന്നു. കെ മുരളീധരന്‍ മുതല്‍ ചാണ്ടി ഉമ്മന്‍ വരെ ഇത് എത്തി നില്‍ക്കുന്നു.
തെരഞ്ഞെടുപ്പ് ഏകോപനത്തിലും നിയമസഭയിലെ പ്രകടനത്തിലും ശരാശരിയില്‍ കൂടുതല്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ ‘പിണറായി ശൈലി’യാണ് സതീശന്‍ അനുകരിക്കുന്നതെന്ന ആക്ഷേപവും മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കമുണ്ട്. വി ഡി സതീശനെ അനുകൂലിക്കുന്ന വിഭാഗമാവട്ടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കെപിസിസി പ്രസിഡന്റും ഐക്യത്തില്‍ മുന്നോട്ട് പോയില്ലെങ്കില്‍ വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാനാവില്ലെന്ന് ചൂണ്ടികാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ധാരാളം ഭൈമീകാമുകര്‍ കോണ്‍ഗ്രസിലുണ്ടെന്നിരിക്കെ സംഘടനകൂടി കൈപിടിയിലൊതുക്കി മുന്നോട്ട് പോകാനാണ് സതീശന്‍ ക്യാംപിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ മറുപക്ഷത്ത് പിണറായി വിജയനും എല്‍ഡിഎഫും മൂന്നാം തവണയും ഭരണ തുടര്‍ച്ചക്കായി രംഗത്തിറങ്ങുകയും രാജീവ് ചന്ദ്രശേഖരനിലൂടെ ബിജെപി പുതിയ പരീക്ഷണങ്ങള്‍ക്ക് അരങ്ങൊരുക്കുകയും ചെയ്യുമ്പോള്‍ മുഴുവന്‍ അധികാരവും സതീശന്‍ എന്ന ഒറ്റ നേതാവിലേക്ക് കേന്ദ്രീകരിക്കുന്നത് ഗുണത്തേക്കാളേറെ തിരിച്ചടിയാവും സമ്മാനിക്കുക എന്ന ആശങ്കയും കോണ്‍ഗ്രസ് – യുഡിഎഫ് നേതാക്കള്‍ക്കടിയിലുണ്ട്.
കൂടാതെ പിണറായിയെ പോലുള്ള തഴക്കവും പഴക്കവും കുശാഗ്രബുദ്ധിയുമുള്ള രാഷ്ട്രീയ നേതാവിനോട് ഏറ്റുമുട്ടാന്‍ പുതിയ കെപിസിസിയെ നയിക്കുന്ന നേതാവിന് കഴിയണമെന്ന അഭിപ്രായവും കോണ്‍ഗ്രസിലുണ്ട്.കെപിസിസി പ്രസിഡന്റിന്റെ ‘ഇളക്കി പ്രതിഷഠ’ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമ്മാനിക്കുന്നത് മറ്റൊരു വെല്ലുവിളികൂടിയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അടക്കം ബിജെപി പാളയത്തിലേക്ക് ഒലിച്ച് പോയ ക്രൈസ്തവ വോട്ട് തിരിച്ച്പിടിക്കുക എന്ന കണക്ക് കൂട്ടല്‍ കൂടിയാണ് നേതൃത്വത്തെ ക്രിസ്ത്യന്‍ നേതാക്കള്‍ എന്ന സമവാക്യത്തിലേക്ക് എത്തിച്ചത്. കൂടാതെ എ കെ ആന്റണി ഉമ്മന്‍ചാണ്ടി ദ്വയത്തിനും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിയില്‍ നിന്നുള്ള പുറത്താക്കലിനും ശേഷം കോണ്‍ഗ്രസ് തലപ്പത്ത് ക്രൈസ്തവ പ്രാതിനിധ്യമില്ലെന്ന പരാതി കത്തോലിക്കാ സഭയ്ക്കുണ്ട്. ഇതു പരിഹരിക്കുകയും ലക്ഷ്യങ്ങളിലൊന്നാണ്.
അതേസമയം, കെ സുധാകരനെ മാറ്റുന്നതിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഈഴവ സമുദായ പ്രാതിനിധ്യം ഇല്ലാതാവും. മറുഭാഗത്ത് വേണുഗോപാല്‍, രമേശ് ചെന്നിത്തല, സതീശന്‍, തരൂര്‍ എന്നീ നാല് നായര്‍ സമുദായത്തില്‍ നിന്നുള്ള നേതാക്കള്‍ മാത്രം മുഖ്യമന്ത്രി കസേരക്കായി വരിവരിയായി നില്‍ക്കുമ്പോള്‍ സുധാകരന്റെ പടിയിറക്കതോടെ രണ്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാരിലും നാല് ഡിസിസി പ്രസിഡന്റുമാരിലുമായി സമുദായ പ്രാതിനിധ്യം ചുരുങ്ങും. സിപിഎമ്മും ബിജെപിയും ഇതിന്റെ ഗുണഭോക്താക്കളായാല്‍ തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവിനുള്ള സാധ്യതയ്ക്കും വെല്ലുവിളിയാകും.
കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ഇന്ന് ‘മുള്ള് വന്ന് ഇലയില്‍ വീണാലും ഇല വന്ന് മുള്ളില്‍ വീണാലും മുള്ളിന് തന്നെയാണ് കേട്’ എന്നൊരു അവസ്ഥയിലെത്തിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം എന്ന ഏതൊരു ശരാശരി കോണ്‍ഗ്രസുകാരന്റെയും സ്വപ്നമായ ഇല ആര്‍ക്ക് കൊടുത്താലും ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശേഷിക്കുന്ന ശക്തികേന്ദ്രങ്ങളിലൊന്നായ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തന്നെയാവും കേട് എന്ന അപൂര്‍വ്വ സ്ഥിതിയാണ്. അതിന്റെ അലയൊലിയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
0 Comments