​നേട്ടങ്ങളുടെ നിറവിൽ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ; വാർഷികാഘോഷം 22-ന്


നേട്ടങ്ങളുടെ നിറവിൽ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ; വാർഷികാഘോഷം 22-ന്

അക്കാദമിക് മികവിനൊപ്പം കാർഷിക, കലാ-കായിക, സാമൂഹിക സേവന രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ വാർഷികാഘോഷത്തിനൊരുങ്ങുന്നു. ഈ മാസം 22-നാണ് സ്‌കൂളിന്റെ വാർഷികാഘോഷം നടക്കുന്നത്.
​പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്‌കൂളുകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന നേട്ടമാണ് സ്‌കൂൾ സ്വന്തമാക്കിയത്. സ്‌കൂളിന്റെ സമഗ്രപുരോഗതിക്കും ഏകോപനത്തിനും നൽകിയ നേതൃത്വത്തിന് ഹൈസ്‌കൂൾ വിഭാഗം മികച്ച ഹെഡ്‌മാസ്റ്റർക്കുള്ള 'ഗോൾഡൻ ലീഡർ അവാർഡ്' സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബിജോയ് ജോസഫ് കരസ്ഥമാക്കി.


​വിദ്യാർത്ഥികളിൽ കാർഷികാഭിരുചി വളർത്തുന്നതിനായി പാലാ കോർപ്പറേറ്റ് ഏജൻസി നടപ്പിലാക്കിയ 'കുട്ടികളും കൃഷിയിലേക്ക്' പദ്ധതിയിലെ മികച്ച ഹൈസ്‌കൂളിനുള്ള ഒന്നാം സ്ഥാനം സെന്റ് ജോൺസ് നേടി. ഈ പദ്ധതിയുടെ മികച്ച കോർഡിനേറ്ററായി (ഹൈസ്കൂൾ വിഭാഗം) അധ്യാപകൻ ബിനു എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത് സ്‌കൂളിന് ഇരട്ടി മധുരമായി. പാലാ രൂപത എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള മികച്ച കൃഷിത്തോട്ടത്തിനുള്ള ഒന്നാം സ്ഥാനവും സ്‌കൂളിനാണ്.
​അക്കാദമിക് രംഗത്തും സ്‌കൂൾ മികച്ച നിലവാരം പുലർത്തി.


 എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയാണ് സെന്റ് ജോൺസ് മികവ് തെളിയിച്ചത്. പരീക്ഷ എഴുതിയ 74 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയപ്പോൾ, 24 പേർ ഫുൾ എ പ്ലസ് സ്വന്തമാക്കി. എ പ്ലസ് നിരക്കുകളിൽ പാലാ കോർപ്പറേറ്റ് സ്കൂളുകളിലും പാലാ വിദ്യാഭ്യാസ ജില്ലയിലും കുറുമണ്ണ് സ്കൂൾ ഒന്നാമത്തെത്തി.
എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിലും മികച്ച വിജയമാണ് സ്‌കൂൾ കൈവരിച്ചത്.

​രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ 464 പോയിന്റോടെ ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന് സാധിച്ചു. സംസ്ഥാനതല വെജിറ്റബിൾ ഫാബ്രിക് പെയിന്റിംഗിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അനുലക്ഷ്മി എസ്. നായർ എ ഗ്രേഡും, സംസ്ഥാന കായിക അധ്യാപക മത്സരത്തിൽ 400 മീറ്റർ ഓട്ടത്തിൽ അധ്യാപിക ഷെറിൻ സാജൻ രണ്ടാം സ്ഥാനവും നേടി.


​സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും സ്‌കൂൾ മാതൃകയാകുന്നു. മറ്റത്തിപ്പാറയിലെ സന്തോം വില്ലേജ് അന്തേവാസികൾക്ക് എല്ലാ ബുധനാഴ്ചയും പൊതിച്ചോറ് നൽകുന്ന 'കാരുണ്യ സ്പർശം' പദ്ധതിയും, നിർധന വിദ്യാർത്ഥികളെ സഹായിക്കാനുള്ള ചാരിറ്റി പ്രവർത്തനങ്ങളും ഇതിന് ഉദാഹരണമാണ്. തൊടുപുഴ കാർഡ്‌സിന്റെ 'പച്ചക്കുടുക്ക' പദ്ധതിയിൽ കാർഷിക വിളകളുടെ സമാഹരണത്തിൽ ഒന്നാമതെത്തിയതും 'ഹരിത ഫുഡ് ഫെസ്റ്റ്' സംഘടിപ്പിച്ചതും കാർഷിക സംസ്കാരം പകർന്നു നൽകുന്നതിൽ വിദ്യാലയം കാണിക്കുന്ന ജാഗ്രതയാണ് വ്യക്തമാക്കുന്നത്.
​പി.ടി.എ, എം.പി.ടി.എ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ  എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ വിജയങ്ങൾക്ക് പിന്നിലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments