ഏഴാച്ചേരി വലിയതോട് ഇനി തടസ്സങ്ങളില്ലാതെ ഒഴുകും... ''വലിയതോട് പുനര്‍ജ്ജനി പദ്ധതി''ക്ക് നാളെ (21.1.26) തുടക്കം കുറിക്കും.


സുനില്‍ പാലാ

കരയും മണ്‍തിട്ടകളുമായി മാറിയ ഏഴാച്ചേരി വലിയതോടിന് പുനര്‍ജ്ജനി. തോട്ടില്‍ ഏറ്റവും കൂടുതല്‍ കരഭൂമിയും മണ്‍തിട്ടയും രൂപപ്പെട്ട ഭാഗത്ത് അവ നീക്കി ആഴം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി - ''വലിയതോട് പുനര്‍ജ്ജനി പദ്ധതി'' - നാളെ (21.1.26) തുടക്കം കുറിക്കുകയാണ്.

വലിയതോടിന്റെ ഏഴാച്ചേരി ചെമ്പകശ്ശേരി ചെക്ക്ഡാം മുതല്‍ താഴെ ചിറ്റേട്ട് പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്താണ് പതിനഞ്ച് മീറ്റര്‍ വീതിയില്‍ വെള്ളമൊഴുക്ക് സുഗമമാക്കുന്ന പദ്ധതി ആരംഭിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് വലിയതോട് പുനര്‍ജ്ജനി പദ്ധതി നടപ്പാക്കുന്നതെന്ന് വലിയതോട് സംരക്ഷണ സമിതി പ്രസിഡന്റ് അപ്പച്ചന്‍ നെടുമ്പള്ളില്‍, കണ്‍വീനര്‍ എം. സുശീല്‍ എന്നിവര്‍ പറഞ്ഞു.


ചെമ്പകശ്ശേരി ചെക്ക്ഡാം മുതല്‍ ചിറ്റേട്ട് ഭാഗം വരെ ഇരുപതോളം ഇടങ്ങളില്‍ തോട് ചുരുങ്ങി കരഭൂമിയായി മാറിയിട്ടുണ്ട്. ഇതോടെ 150 മീറ്ററോളം വീതിയുണ്ടായിരുന്ന തോടിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ 50 മീറ്ററില്‍ താഴെയായി ചുരുങ്ങിയിട്ടുണ്ട്. പത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കരയായി മാറി അവിടെ വൃക്ഷങ്ങള്‍ പോലും വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതോടെ മഴക്കാലത്ത് തോട് കരകവിയുന്നതും വെള്ളപ്പൊക്കമുണ്ടാകുന്നതും പതിവായിരുന്നു.  

തോട്ടിലെ കരഭൂമി പൊളിച്ച് തോടിന് ആഴം വര്‍ദ്ധിപ്പിച്ച് ചെളി കോരിമാറ്റി വെള്ളമൊഴുക്ക് സുഗമമാക്കുന്ന പദ്ധതിയാണ് വലിയതോട് പുനര്‍ജ്ജനി പദ്ധതി.



പുനര്‍ജ്ജനി പദ്ധതി നിര്‍മ്മാണോദ്ഘാടനം നാളെ

വലിയതോട് പുനര്‍ജ്ജനി പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നാളെ (21.6) രാവിലെ 10.30ന് ചിറ്റേട്ട് പാലത്തിന് സമീപമുള്ള ചീമ്പാറ കടവില്‍ നടക്കും. ജോസ് കെ. മാണി എം.പി. നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും. വലിയതോട് സംരക്ഷണ സമിതി പ്രസിഡന്റ് അപ്പച്ചന്‍ നെടുമ്പള്ളിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം മുഖ്യാതിഥിയായിരിക്കും. പദ്ധതിയെക്കുറിച്ച് എം. സുശീല്‍ ആമുഖപ്രസംഗം നടത്തും. 
 
 
ബേബി ഉഴുത്തുവാല്‍, ടോബിന്‍ കെ. അലക്സ്, പഞ്ചായത്ത് മെമ്പര്‍മാരായ ബൈജു പുതിയിടത്തുചാലില്‍, അഡ്വ. എന്‍.ആര്‍. വിഷ്ണു, എം.ഒ. ശ്രീക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ജോസഫ് കണ്ടം, ഡെന്നി ഇടക്കര എന്നിവര്‍ പ്രസംഗിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. തോടിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഉടന്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന് വലിയതോട് സംരക്ഷണ സമിതി പ്രസിഡന്റ് അപ്പച്ചന്‍ നെടുമ്പള്ളില്‍ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments