വിദേശവിദ്യാർഥികളുടെയും മാധ്യമപ്രവർത്തകരുടെയും വിസകാലയളവ് പരിമിതപ്പെടുത്താനൊ രുങ്ങി യുഎസ്. നിർദിഷ്ട നിയമം പ്രാബല്യത്തിൽവന്നാൽ വിദേശ വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തകർക്കും യുഎസിൽ താമസിക്കാൻ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു.
1975 മുതൽ ‘എഫ്’ വിസ ഉടമകളായ വിദേശവിദ്യാർഥികൾക്ക് ‘സ്റ്റാറ്റസ് കാലയളവ്’ എന്നറിയപ്പെടുന്ന കാലാവധി തീരുന്നതുവരെ അനിശ്ചിതകാലത്തേക്ക് പുതിയ പരിശോധനകളോ നടപടിക്രമ ങ്ങളോ ഇല്ലാതെ യുഎസിൽ തുടരാൻ കഴിയും. എന്നാൽ, യുഎസിന്റെ ഉദാരത വിദ്യാർഥികൾ മുതലെടുക്കുന്നെ ന്നും അവർ എന്നന്നേക്കും വിദ്യാർഥികളായിത്ത ന്നെ തുടരുന്നെന്നും ആരോപിച്ചാണ് കാലാവധിയിൽ പരിധിയേർപ്പെടുത്താൻ തീരുമാനിച്ചത് .
പുതിയ നിയമപ്രകാരം യുഎസിൽ പഠിക്കുന്ന കോഴ്സിന്റെ കാലാവധി തീരുന്നതുവരെമാത്രമേ വിദ്യാർഥികൾക്ക് രാജ്യത്ത് താമസിക്കാൻ സാധിക്കുകയുള്ളൂ. ഇത് നാലുവർഷത്തിൽ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളിൽ വിസ പുതുക്കേണ്ടിയും വരും. ഇതുകാരണം യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പിൻറെ കൂടുതൽ പരിശോധനകൾക്ക് വിദ്യാർഥികൾ വിധേയരാകും. വിദേശത്തുനിന്നുള്ള മാധ്യമപ്രവർത്തകർക്ക് യുഎസിൽ പ്രവേശനം അനുവദിക്കുന്ന ‘ഐ’ വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും. ഇവർക്ക് യുഎസിൽനിന്നുകൊണ്ട് വാർത്തകൾ റിപ്പോർട്ടു ചെയ്യാനുള്ള കാലയളവ് 240 ദിവസത്തേക്ക് പരിമിതപ്പെടുത്താനാണ് പുതിയ നിയമം ശുപാർശചെയ്യുന്നത്.
ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കുടിയേറ്റയിതര വിസയായ എച്ച്-1 ബി വിസാപദ്ധതിയിലും യുഎസിൽ സ്ഥിരതാമസത്തിന് അനുമതിനൽകുന്ന ഗ്രീൻ കാർഡ് ലഭിക്കാനുള്ള പ്രക്രിയയിലും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് യുഎസ് വാണിജ്യസെക്രട്ടറി ഹൊവാർഡ് ലുട്നിക് പറഞ്ഞു. ശരാശരി അമേരിക്കക്കാരന് പ്രതിവർഷം 75,000 ഡോളറും ശരാശരി ഗ്രീൻ കാർഡ് ഉടമയ്ക്ക് 66,000 ഡോളറുമാണ് വരുമാനം. ഏറ്റവും താഴെക്കിടയിലുള്ളവരെ യുഎസിലേക്ക് സ്വീകരിക്കേണ്ട കാര്യമില്ലെന്നും അതിനാൽ ഏറ്റവും മികച്ച വ്യക്തികളെ തിരഞ്ഞെടുത്ത് യുഎസിൽ എത്തിക്കുമെന്നും ലുട്നിക് പറഞ്ഞു. ഇതിനായി ‘ഗോൾഡ് കാർഡ്’ കൊണ്ടുവരുമെന്നും കൂട്ടിച്ചേർത്തു. നിലവിലെ എച്ച്-1 ബി വിസാപദ്ധതി തട്ടിപ്പാണെന്നും ഇത് അമേരിക്കക്കാരുടെ ജോലി ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
0 Comments