അപകടകരമായ മരങ്ങൾ നീക്കം ചെയ്യൽ: പൊതുമാനദണ്ഡങ്ങൾ രൂപീകരിക്കും
അപകടകരമായ മരങ്ങൾ നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിലെ സാങ്കേതികതടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നു ജില്ലാവികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഉടൻതന്നെ യോഗം ചേർന്നു പൊതുമാനദണ്ഡങ്ങൾ രൂപീകരിച്ചു നടപടികൾ വേഗത്തിലാക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി.
മഴക്കെടുതിയിൽ മരങ്ങൾ കടപുഴകി വീണു നാശനഷ്ടങ്ങളുണ്ടാകുന്ന ജില്ല നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള റോഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. പൊതുസ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ട്രീ കമ്മിറ്റിയുടെ മുമ്പിൽ 118 അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും 344 മരങ്ങൾ മുറിച്ചുമാറ്റാനും 96 മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യാനും അനുമതി നൽകിയിട്ടുണ്ടെന്ന് കമ്മിറ്റി കൺവീനറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ചങ്ങനാശേരി ബൈപാസിൽ 96 കോടി രൂപ ചെലവിട്ടുനിർമിക്കുന്ന ഫ്‌ളൈ ഓവറിന് ടെൻഡർ നടപടികൾ പൂർത്തിയായെന്നും പാഴ് മരങ്ങൾ വെട്ടിമാറ്റുന്നതിന് നടപടി വേഗത്തിലാക്കണമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി കവിയൂർ റോഡിലെ നവീകരണപ്രവൃത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി പൈപ്പീടിൽ വേഗത്തിലാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
ജലജീവൻ മിഷനായി പൊളിച്ച റോഡുകളിൽ പുന:സ്ഥാപിച്ചവയുടെ പട്ടിക കൈമാറണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. ഈരയിൽക്കടവ് റോഡിലും കോട്ടയം സി.എം.എസ്. കോളജ് റോഡിലും മാലിന്യം ചാക്കുകളായി കെട്ടിക്കൊണ്ടിടുന്നത് പതിവായിരിക്കുകയാണെന്നും കർശന നടപടി വേണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
അഞ്ഞൂറോളം ആദിവാസികൾ താമസിക്കുന്ന കൊമ്പുകുത്തിയിൽ കാട്ടാന ആക്രമണത്തെത്തുടർന്ന് ജനങ്ങൾ ഭീതിയിലാണെന്നും ഹാങ്ങിംഗ് ഫെൻസിങ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു.
ജില്ല ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രതിനിധി ടി.വി. സോണി, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
0 Comments