2027ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന മിഷൻ ഐഎസ്ആർഒ പൂർത്തിയാക്കും’; പ്രശാന്ത് ബാലകൃഷ്ണൻ


 ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുത്ത മലയാളിയാണ് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. 

 തിരുവനന്തപുരം ഐഐഎസ്‍ടിയിൽ കുട്ടികളുമായി സംവദിക്കാനെത്തിയപ്പോൾ താൻ പിന്നിട്ട വഴികളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഐഎസ്ആർഒ ചെയർമാനും പ്രധാനമന്ത്രിയും പറഞ്ഞതുപോലെ 2027ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന മിഷൻ ഐഎസ്ആർഒ പൂർത്തിയാക്കും. 


പിന്നാലെ നിരവധി മിഷനുകളും ഉണ്ടാകും. തിരുവനന്തപുരവും ബെംഗളൂരുവും ആകും ഈ മിഷനുകളിൽ പ്രധാന പങ്കു വഹിക്കുകയെന്നും പ്രശാന്ത് ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ യഥാർഥ കഥ പുറംലോകത്തെ അറിയിക്കുന്നതെന്ന് നിങ്ങളാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


 ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ മുതി‌ർന്നയാളാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍. ഗഗന്‍യാന്‍ ഉള്‍പ്പടെയുള്ള ഐഎസ്ആര്‍ഒയുടെ വരുംകാല ബഹിരാകാശ ദൗത്യങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി കൂടിയായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായ‌‌‌ർ നോക്കിക്കാണുന്നത്. ശുഭാംശു ശുക്ലയ്‌ക്കൊപ്പം ആക്‌സിയം 4 ദൗത്യത്തിനായി പരിശീലിച്ച പ്രശാന്ത് ബാലകൃഷ്‌ണന്‍ നായ‌‌‌ർ ആ ദൗത്യത്തിന്‍റെ പിന്നണിയിൽ സുപ്രധാന പങ്കുവഹിച്ചയാളുമാണ്.  


 ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയില്‍ പരിശീലനത്തിലുണ്ടായിരുന്നയാളാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍. ആക്‌സിയം ദൗത്യത്തിനായി മാസങ്ങളോളം ശുഭാംശുവും പ്രശാന്തും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലും, സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് എക്‌സിലും പരിശീലനത്തിലുണ്ടാ യിരുന്നു. ആക്‌സിയം 4 ദൗത്യ വിക്ഷേപണ ത്തിന് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നേരിട്ട് സാക്ഷിയായിരുന്നു. 

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാലിപ്പോൾ, 2027 ആദ്യം തന്നെ യാഥാർഥ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. ഇതിനു മുന്നോടിയായി ഡിസംബറിൽ ‘വ്യോമ മിത്ര’ എന്ന റോബട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയ ശേഷം തീയതി പ്രഖ്യാപിക്കും. ഗഗൻയാൻ ദൗത്യത്തിന്റെ 80–85 % ജോലികളും പൂർത്തിയായി. 

 ഗഗൻയാൻ ദൗത്യം രണ്ട് ഘട്ടങ്ങളായാണ് പൂർത്തിയാകാൻ പോകുന്നത്. ആദ്യ ഘട്ടത്തിൽ മനുഷ്യനില്ലാത്ത പരീക്ഷണ പറക്കലുകളാണ് നടത്തുന്നത്. ഇതിൽ പേടകത്തിൻ്റെ സുരക്ഷ, പേടകത്തിൻ്റെ തിരിച്ചുവരവ്, യാത്രികരുടെ സുരക്ഷ എന്നിവയാണ് പ്രധാനമായും വിലയിരുത്തുന്നത്.  

 പേടകത്തിൻ്റെ രൂപകൽപനയിലും സാങ്കേതിക വിദ്യയിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പരീക്ഷണങ്ങൾ വിജയിച്ചാൽ മാത്രമേ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുകയുള്ളൂ. 2027ലെ യാത്രയ്ക്ക് മുന്നോടിയായി, ഈ വർഷം തന്നെ മനുഷ്യനില്ലാത്ത പരീക്ഷണ ദൗത്യങ്ങൾ നടത്തുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. 
 ദൗത്യത്തിനായി ഐഎസ്ആര്‍ഒ തെരഞ്ഞെടുത്ത നാല് പേരിലുള്ളവരാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരും ശുഭാംശു ശുക്ലയും. അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള മറ്റ് രണ്ടുപേര്‍. 




















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments