ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും: പ്രഫ. ലോപ്പസ് മാത്യു
ഇന്ന് നടന്ന ത്രിതല പഞ്ചായത്ത് - മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി കോട്ടയം ജില്ലയിൽ ബഹുഭൂരിപക്ഷം വാർഡുകളിലും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1611 വാർഡ് - ഡിവിഷൻ നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. ജില്ലാ പഞ്ചായത്ത് ബഹുഭൂരിപക്ഷം ഡിവിഷനുകളിലും, ബ്ലോക്ക് പഞ്ചായത്തുകൾ, കഴിഞ്ഞപ്രാവശ്യം നഷ്ടപ്പെട്ട ഈരാറ്റുപേട്ട ഉൾപ്പെടെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് വിജയിക്കും. 71 ഗ്രാമപഞ്ചായത്തുകളിൽ മൂന്നിൽ രണ്ട് എൽഡിഎഫ് നേടും.
മുൻസിപ്പാലിറ്റികളിൽ നിലവിലുള്ളവ നിലനിർത്തുകയും പുതിയവ നേടുകയും ചെയ്യും. ബിജെപി ചില പഞ്ചായത്തുകളിൽ സജീവമല്ല. ആ വോട്ട് എങ്ങോട്ട് പോകുമെന്ന് ജനങ്ങൾക്കറിയാം. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം ബിജെപി മുന്നേറിയ പള്ളിക്കത്തോട്, കിടങ്ങൂർ, മുത്തോലി പഞ്ചായത്തുകളിൽ എൽഡിഎഫ് വളരെ ജാഗരൂകരാണ്. ഇത്തവണ ഈ മൂന്നു പഞ്ചായത്തുകളിലും ബിജെപി അധികാരത്തിൽ വരികയില്ല. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ ചേർന്നതിന്റെ പ്രയോജനം പ്രവർത്തകർക്ക് മനസ്സിലായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. സമ്പൂർണ്ണ ഐക്യത്തിലാണ് ഇടതുപക്ഷ മുന്നണി മത്സരിക്കുന്നത്. ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 1611 വാർഡുകളിൽ ഒരു സ്ഥലത്ത് പോലും മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ ചിഹ്നത്തിൽ പരസ്പരം മത്സരിക്കുന്നില്ല. അധികാര വികേന്ദ്രീകരണം - ജനകീയ ആസൂത്രണത്തിലൂടെ നടപ്പിലാക്കിയ ഇടതുമുന്നണി ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ സൂത്രധാരരാണ്. ജനങ്ങളുടെ വിഷയങ്ങൾ താഴെത്തട്ടിൽ ചർച്ച ചെയ്യുവാൻ സാധിക്കുന്നത് ജനകീയ ആസൂത്രണത്തിലാണ്. ജനങ്ങൾക്ക് ബോധ്യമുള്ള ഇത്തരം കാര്യങ്ങൾ കൂടുതൽ ആഴത്തിൽ നടപ്പിലാക്കുവാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിന്റെ സമ്പൂർണ്ണ വികസനവും, തികഞ്ഞ സാമൂഹ്യ ക്ഷേമ പദ്ധതികളും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.





0 Comments