ഓണത്തിന്റെ ആവേശം ഇങ്ങ് കരയിൽ മാത്രമല്ല, ആഴക്കടലിലും നിറയുകയാണ്. നീലക്കടലിന്റെ അനന്തവിശാലതയിൽ, തിരമാലകളുടെ താരാട്ടിൽ, ഓണസദ്യയൊരുക്കിയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ ഇത്തവണത്തെ ഓണാഘോഷം.
അഴീക്കോട് വാകച്ചാർത്ത് എന്ന മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികളാണ് ആഴക്കടലിൽ ഓണത്തെ വരവേറ്റത്. മീൻ പിടിക്കാൻ പോയപ്പോഴും ഉത്രാട ദിനം ആഘോഷിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് പാചകം ചെയ്തുകൊണ്ടുവന്ന കറികളും, വള്ളത്തിൽവെച്ച് തന്നെ തയ്യാറാക്കിയ വിഭവങ്ങളും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അതൊരു വലിയ ഓണ സദ്യയായി. തിരക്കിനിടയിലും ചോറും സാമ്പാറും പായസവും പപ്പടവും അവർ പാചകം ചെയ്തു. കുടുംബാംഗങ്ങൾ സ്നേഹത്തോടെ തയ്യാറാക്കി നൽകിയ വിവിധതരം ഉപ്പേരികളും തോരനുകളും അവർക്ക് വീട്ടകങ്ങളിലെ ഓണത്തിന്റെ ഓർമ്മകളും സമ്മാനിച്ചു.
ആര്യക്കാരൻ സോജന്റെയും സ്രാങ്ക് സുധിഷിന്റെയും നേതൃത്വത്തിൽ നാൽപ്പത്തിയഞ്ച് തൊഴിലാളികളാണ് ഈ ഓണസദ്യയിൽ പങ്കെടുത്തത്. നാട്ടിൻപുറത്തെ സദ്യയുടെ അതേ ഊഷ്മളതയോടെ, കൂട്ടായ്മയുടെയും സൗഹൃദത്തിൻ്റെയും ചിരിയോടെ അവർ ആ സദ്യ ആസ്വദിച്ചു.
0 Comments