ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി കേരള സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍


 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയമായ മുതലെടുപ്പാണ് ലക്ഷ്യമിടുന്നത്. കപടമായ അയ്യപ്പ സ്‌നേഹമാണത്. ശബരിമലയെ ഏറ്റും സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ച മുന്നണിയും രാഷ്ട്രീയ പ്രസ്ഥാനവുമാണ് എല്‍ഡിഎഫും സിപിഎമ്മുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

 ശബരിമലയുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയിട്ടാണ്, ആചാരലംഘനം നടത്താന്‍ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കൂട്ടു നിന്നത്. ആ സത്യവാങ്മൂലം ഇപ്പോഴും സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്ത, ആചാരലംഘനം നടത്താന്‍ സൗകര്യം ചെയ്തുകൊടുത്ത ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറുണ്ടോയെന്ന് യുഡിഎഫ് ചോദിക്കുകയാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. 

 രണ്ടാമതായി ശബരിമലയിലെ ആചാരസംരക്ഷണത്തിനായി, നാമജപഘോഷയാത്ര ഉള്‍പ്പെടെയുള്ള സമാധാനപരമായ സമരങ്ങള്‍ക്കെതിരായ കേസുകള്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടിട്ടില്ല. ആ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലായതെന്നും സതീശന്‍ കുറ്റപ്പെടുത്തി. 


 പണ്ട് ഉണ്ടാക്കിയ ഒരു കവനന്റിന്റെ അടിസ്ഥാനത്തില്‍ 48 ലക്ഷം രൂപയാണ് എല്ലാ വര്‍ഷവും ദേവസ്വം ബോര്‍ഡിന് കൊടുക്കേണ്ടത്. എ കെ ആന്റണി സര്‍ക്കാര്‍ ആ തുക 82 ലക്ഷമായി ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സര്‍ക്കാര്‍ ശബരിമലക്കായി ഈ പണം നല്‍കിയിട്ടില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിതെന്നും വിഡി സതീശന്‍ പറഞ്ഞു. 

 ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, വി എസ് ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരിക്കുന്ന കാലത്ത് ശബരിമല വികസനത്തിനായി 112 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. കേന്ദ്ര അനുമതിയോടു കൂടി, വനം വകുപ്പിന്റെ അനുമതിയോടു കൂടി ഭൂമി ഏറ്റെടുത്തു. പകരം ഇടുക്കിയില്‍ 112 ഏക്കര്‍ ഭൂമി വനം വകുപ്പിന് നല്‍കി. സ്വാമി അയ്യപ്പന്‍ റോഡ്, ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് ആ സര്‍ക്കാരിന്റെ കാലത്ത് നടന്നത്. കഴിഞ്ഞ ഒമ്പതര കൊല്ലമായി ശബരിമല വികസനത്തിനായി ചെറുവിരല്‍ അനക്കാത്ത സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പസംഗമവുമായി വരുമ്പോള്‍, ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറഞ്ഞേ മതിയാകൂ. അയ്യപ്പ സംഗമം യുഡിഎഫ് ബഹിഷ്‌കരിക്കുന്നില്ല. ബഹിഷ്കരിക്കാൻ രാഷ്ട്രീയപരിപാടിയൊന്നുമല്ലല്ലോ. ഈ കപട അയ്യപ്പ ഭക്തിയും അതിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പും അയ്യപ്പ ഭക്തരെ പരിഹസിക്കുന്നതിന് തുല്യമാണ്. യുഡിഎഫ് എല്ലാക്കാലത്തും അയ്യപ്പഭക്തരുടെ താല്‍പ്പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒപ്പം നിന്നവരാണ്. അതിനെതിരായ നവോത്ഥാന സമിതി ഉണ്ടാക്കിയവരാണ് സിപിഎമ്മുകാര്‍. ആചാരലംഘനം നടത്തിയത് ശരിയാണെന്ന് പറഞ്ഞുകൊണ്ടാണ് നവോത്ഥാന സമിതി ഉണ്ടാകുന്നത്. കേരളത്തില്‍ മതില്‍ തീര്‍ത്തു. ആ നവോത്ഥാന സമിതി ഇതുവരെ പിരിച്ചു വിട്ടിട്ടില്ല. ആചാര ലംഘനം ശരിയാണെന്നും, ആകാശം ഇടിഞ്ഞുവീണാലും ആ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ അഭിപ്രായം മാറ്റിയോ?. അക്കാര്യം അവര്‍ തുറന്നു പറയട്ടെ. കഴിഞ്ഞ ഒമ്പതു കൊല്ലം നടത്താത്ത അയ്യപ്പ സംഗമം ഇപ്പോള്‍ നടത്തുന്നു. പത്താമത്തെ കൊല്ലം ഇപ്പോഴെവിടുന്നാണ് ആ അയ്യപ്പ ഭക്തി ഉറവെടുത്തതെന്ന് കേരളത്തിലെ ജനങ്ങള്‍ അറിയേണ്ടതല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 


 തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കാനിരിക്കെ ലോക്കല്‍ ബോഡി ഫണ്ടില്‍ നിന്നും പണമെടുത്ത് വികസന സദസ് നടത്താന്‍ പോകുന്നു. ഇതിനോട് യുഡിഎഫ് സഹകരിക്കില്ല. പ്രാദേശിക സര്‍ക്കാരുകളെ കഴുത്തുഞെരിച്ചു കൊന്ന സര്‍ക്കാരാണിത്. 9000 കോടി കൊടു്‌കേണ്ട സ്ഥാനത്ത് 6000 കോടി മാത്രമാണ് നല്‍കിയിട്ടുള്ളത്. ഓഗസ്റ്റില്‍ കൊടുക്കേണ്ട പണം ഡിസംബറിലും, ഡിസംബറില്‍ കൊടുക്കേണ്ട പണം മാര്‍ച്ചിലും നല്‍കുകയും, മാര്‍ച്ചില്‍ പണം അനുവദിച്ചതിന്റെ പിറ്റേന്ന് ട്രഷറി അടക്കുകയും ചെയ്ത സര്‍ക്കാരാണിത്. മുമ്പ് നവകേരള സദസ് നടത്തിയതിന്റെ കണക്ക് പോലും ഇതുവരെ വെച്ചിട്ടില്ല. കോടികളാണ് അന്നു വിഴുങ്ങിയത്. പണം ദുര്‍വ്യയം ചെയ്യുന്നതിനായിള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണത്. അതിനോട് യുഡിഎഫിന് സഹകരിക്കാനാകില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments