മുതിർന്ന മാധ്യമ പ്രവർത്തകൻ മംഗളം ജോസ് @ 70 ....... പാലാ പ്രസ്സ് ക്ലബിൻ്റെ ആദരം....... വീഡിയോ ഈ വാർത്തയോടൊപ്പം

മുതിർന്ന മാധ്യമ പ്രവർത്തകൻ മംഗളം ജോസ് @ 70 ....... പാലാ പ്രസ്സ് ക്ലബിൻ്റെ ആദരം....... വീഡിയോ ഈ വാർത്തയോടൊപ്പം 

സുനിൽ പാലാ

മുതിർന്ന മാധ്യമ പ്രവർത്തകൻ മംഗളം ജോസ് സപ്തതി നിറവിലേക്ക്.

പാലാ മടുക്കാങ്കൽ ജോസ് ചെറിയാൻ താൻ പ്രതിനിധാനം ചെയ്യുന്ന പത്രത്തിൻ്റെ പേരിൽ അറിയപ്പെടുന്ന അപൂർവ്വം പത്രപ്രവർത്തകരിൽ ഒരാളാണ്. "മംഗളം ജോസ് " എന്ന് പറഞ്ഞാൽ അറിയാത്തവരില്ല; അത് ആ പത്രസ്ഥാപനത്തിലാണെങ്കിലും പാലായിലാണെങ്കിലും . പരിചയപ്പെടുന്നവരെയെല്ലാം "മാനേ.... " എന്ന് വിളിച്ച് നിഷ്കളങ്ക സ്നേഹം പങ്കിടുന്ന ജോസ്, പാലായിലെ മുഴുവൻ മാധ്യമപ്രവർത്തകരുടേയും "ജോസേട്ടനാണ് ".

കഴിഞ്ഞ അര നൂറ്റാണ്ടായി ജോസ് ചെറിയാൻ പത്രപ്രവർത്തന രംഗത്തുണ്ട്.  മലയാള മനോരമ ആയിരുന്നു ആദ്യ തട്ടകം . പിതാവ് "മനോരമ കുഞ്ഞുകുട്ടി" യുടെ പാത പിന്തുടർന്നാണ് ജോസും മാധ്യമ രംഗത്തേയ്ക്ക് കടന്നു വന്നത് .

ജോസിനെ കുറിച്ചെഴുതാൻ ഒരു പത്രം കൊണ്ടൊന്നുമാവില്ല . അത്രയേറെ അനുഭവ സമ്പത്തുള്ള, ഊണിലും ഉറക്കത്തിൽപ്പോലും പത്രജീവിതം മുറുകെ പിടിക്കുന്ന സ്നേഹസമ്പന്നൻ. മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമൊക്കെയായി ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം . 

ഇങ്ങനെ തൻ്റെ പ്രിയപ്പെട്ടവരാക്കുന്നവരുടെയെല്ലാം പിറന്നാളും , വിവാഹത്തീയതിയും , മൺമറഞ്ഞവരുടെ ഓർമ്മദിനവും തുടങ്ങി പാലായിലെ ഐതിഹാസിക ചരിത്ര സംഭവങ്ങളുടെ ആണ്ടും തീയതിയുമൊക്കെ ജോസേട്ടൻ്റെ ഓർമ്മത്താളുകളിൽ അതാത് സമയങ്ങളിൽ മിന്നിമറയും . അതാത് ആളുകളെ ആ ദിവസങ്ങളിൽ നേരിട്ടു കണ്ടോ ഫോൺ വിളിച്ചോ ആ തീയതി ഓർമ്മപ്പെടുത്തുകയും ആശംസകൾ നേരുകയും ചെയ്യും.

ആര് ,എന്ത് വാർത്ത കൊടുത്താലും " നമുക്ക് ഗംഭീരമാക്കിയേക്കാം മാനേ " എന്നല്ലാതെ അവരെ നിരാശരാക്കുന്ന ഒരു നിഷേധ വചനം ഇന്നേവരെ മംഗളം  ജോസിൻ്റെ നാവിൽ നിന്ന് ഉതിർന്നിട്ടില്ല. അങ്ങനെ, മാധ്യമ ധർമ്മവും മനുഷ്യത്വവും, അടിമുടി സ്നേഹവും നിറഞ്ഞ  ജീവിതമാണ് ഇന്ന് സപ്തതിയുടെ പടി ചവിട്ടിയത്.

പാലാ പ്രസ്സ് ക്ലബ്ബിൻ്റെ ആദരം....... വീഡിയോ ഇവിടെ കാണാം👇👇👇


മംഗളം ജോസ് എന്ന മുതിർന്ന മാധ്യമപ്രവർത്തകൻ്റെ 70-ാം പിറന്നാൾ പാലാ പ്രസ്സ് ക്ലബ്ബിൽ ഇന്ന് ആഘോഷമാക്കി സഹപ്രവർത്തകർ. കേക്കുമുറിച്ചും , ആശംസകൾ നേർന്നും മാധ്യമപ്രവർത്തകർ തങ്ങളുടെ ജോസേട്ടനെ സ്നേഹം കൊണ്ടു പുണർന്നു. ടി.എൻ. രാജൻ ,ബിജു മോൻ ജോസഫ്, സി.ജി. ഡാൽമി , സിജി ജയിംസ്, ജോമോൻ എബ്രഹാം, ജോണി ജോസഫ് , കെ. എസ്. വിനോദ് കുമാർ , കെ. ആർ. ബാബു , ജയ്സൺ മുഞ്ഞനാട്ട് ,ജെസ് വിൻ വലവൂർ, സുനിൽ പാലാ തുടങ്ങിയവർ നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments