രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസിലെ എൻ എസ് എസ് വോളന്റീയർമാർ മുണ്ടകൻ കൃഷി ചെയ്തു.
രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊണ്ടാട് ചൂരവേലി പാടത്തിൽ മുണ്ടകൻ കൃഷി ആരംഭിച്ചു.സുഭാഷ് പാലേക്കറിന്റെ സീറോ ബഡ്ജറ്റ് കൃഷി സമ്പ്രദായം അനുസരിച്ചാണ് കൃഷി ചെയ്തത്. ഈ കൃഷി സമ്പ്രദായത്തിൽ നാടൻ പശുവിന്റെ ചാണകവും മൂത്രവും ആണ് വളവും കീടനാശിനിയായും ഉപയോഗിക്കുന്നത്.
പ്രകൃതിക്കും മണ്ണിനും യാതൊരു ദോഷവും വരുത്താത്ത ഈ കൃഷി സമ്പ്രദായത്തിലൂടെ മണ്ണിലെ സൂക്ഷ്മജീവികളുടെയും സൂക്ഷ്മ മൂലക ങ്ങളുടെയും സാന്നിധ്യത്തെ മെച്ചപ്പെടുത്തുന്നു.കന്നുംകുളമ്പൻ എന്ന നാടൻ നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. കൊണ്ടാട് വാർഡ് നമ്പർ അമ്മിണി കെ എൻ, സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്സ്, പ്രകൃതി കർഷകൻ മധു ചൂരവേലിൽ,അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിൽ വോളണ്ടിയർ ലീഡർ ജസ്റ്റിൻ ജോണിക്ക് ഞാർ കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ ഈയടുത്ത കാലം വരെ രാമപുരം പഞ്ചായത്തിൽ നെൽകൃഷി വ്യാപകമായിട്ടുണ്ടായിരുന്നുവെന്നും എന്നാൽ ഉയർന്ന കൃഷിച്ചെലവും തൊഴിലാളികളുടെ ലഭ്യതക്കുറവും ഈ കൃഷി അന്യം നിന്ന് പോകുന്നതിന് കാരണമായെന്നും, എൻഎസ്എസ് വോളണ്ടിയർമാരിലുടെ ഒരു പുത്തൻ ഉണർവ് ഈ രംഗത്ത് ഉണ്ടാകണമെന്ന് അവർ പറഞ്ഞു.
വർഷങ്ങളായി പ്രകൃതി കൃഷി ചെയ്ത് അനുഭവജ്ഞാനമുള്ള മധു ചൂരവേലിൽ ആണ് കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ വോളണ്ടിയർമാർക്ക് നൽകിയത്. പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്സ് കൃഷിക്ക് നേതൃത്വം നൽകി.
വളരെയധികം ആവേശത്തോടും ഉത്സഹാ ത്തോടും കൂടിയാണ് വോളണ്ടിയർമാർ ഞാർ നടീലിൽ പങ്കെടുത്തത്. പാടത്തെ ചെളിയിൽ ഇറങ്ങി പരിചയമില്ലാത്ത തങ്ങളുടെ ജീവിതത്തിൽ വന്നുചേർന്ന ഈ അസുലഭ നിമിഷങ്ങളെ വളരെ സന്തോഷത്തോടെയാണ് അവർ എതിരേറ്റത്. നിരനിരയായി നിന്ന് ഞാറ്റുപാട്ടിന്റെ താളത്തിലാണ് ഞാറ് നട്ടത് ഇതിനായി വോളണ്ടിയർമാർ നാടൻ പാട്ടുകൾ പരിശീലിച്ചിരുന്നു.ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുക വഴിയായി നെൽകൃഷിയുടെ ബാലപാഠങ്ങൾ മനസ്സിലാക്കുകയും മലയാളികളുടെ തീൻമേശയിൽ ഇഷ്ടവിഭവമായി വിളമ്പുന്ന ചോറിലേക്കുള്ള നെല്ലിന്റെ രൂപാന്തരത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.50 സെന്റ് പാടത്താണ് കൃഷി ചെയ്തത്.
രാവിലെ തുടങ്ങിയ നടീൽ വൈകുന്നേരത്തോടുകൂടി അവസാനിച്ചു. വോളണ്ടിയർമാർക്ക് കപ്പയും മീൻകറിയും കട്ടൻ കാപ്പിയും നൽകി ഈ ഞാർ നടീലിനെ അവിസ്മരണീയമാക്കി. സമൂഹത്തിന് നല്ല മാതൃക നൽകുന്ന ഈ പ്രവർത്തനത്തിൽ ഏർപ്പെട്ട രാമപുരം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരെയും പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്സിനെയും സ്കൂൾ മാനേജർ റവ.ഫാ. ബെർക്കുമാൻസ് കുന്നുംപുറം അഭിനന്ദിച്ചു.






0 Comments