ഈ വർഷത്തെ ശബരിമല മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദേശം.
സന്നിധാനത്ത് സേവനത്തിന് എത്തുന്നതിന് മുമ്പ് ഇവരുടെ രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മേൽശാന്തി നിയമനം സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് നിർദേശങ്ങൾ.
മേൽശാന്തിയുടെ സഹായികളുടെ മുൻകാല പശ്ചാത്തലവും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ടോ എന്നും അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇവരിൽ ആരെങ്കിലും വ്യത്യസ്‌ത മേൽശാന്തിമാരുടെ കീഴിൽ മുൻകാലങ്ങളിൽ സന്നിധാനത്ത് ഉണ്ടായിരുന്നോ എന്നും അറിയിക്കണം.
ഇവരിൽ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങളിൽ വിശദമായ സത്യവാങ്മൂലം നൽകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം.




0 Comments