ശബരിമലയിലെ കുറുവാ സംഘത്തെ പടിയടച്ച് പിണ്ഡം വയ്ക്കണം: എൻ. ഹരി

 

ശബരിമല കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രൊഫഷണൽ തിരുട്ട് സംഘത്തിൻ്റെ നീരാളി പിടുത്തത്തിൽ ആണെന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു. 

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വഴിപാടിലും പർച്ചേസിലും കരാറുകളിലും എല്ലാം അഴിമതിയും പടിയുമാണ്. ഇത് കണ്ടെത്താൻ നിലവിലുള്ള പ്രഹസന അന്വേഷണത്തിന് കഴിയില്ല. ഭക്തരെ കൂടി പങ്കെടുപ്പിച്ചിട്ടുള്ള ഒരു ടെമ്പിൾ ഓഡിറ്റ് ആണ് അഭികാമ്യം.ഈ കവർച്ചാ സംഘത്തിന് ഒത്താശ ചെയ്യുന്നത് സിപിഎം നിയോഗിച്ച ഒരു സംഘമാണ്. എകെജി സെന്ററിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ സംഘം. വിശ്വാസത്തിൻ്റെ കണിക പോലുമില്ലാതെ പാർട്ടിയുടെയും നേതാക്കളുടെയും സാമ്പത്തിക വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ഇക്കൂട്ടർ ചെയ്യുന്നത്. 

ഒരു തസ്തികയിലും ഇല്ലാത്ത ഇടനിലക്കാരും ദല്ലാളന്മാരും ഉൾപ്പെടുന്ന സംഘമാണ് ഇത്. സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പിണിയാളു കളെ കുത്തി നിറക്കുകയാണ് ഇവർ. ശബരിമലയിൽ മേൽശാന്തി നിയമന ലിസ്റ്റ് തയ്യാറാക്കുന്നത് മുതൽ ‘പടി ‘ പൂജ തുടങ്ങുന്നു. താക്കോൽ സ്ഥാനത്തുള്ളവർക്ക് പടി ലഭിക്കാതെ കണ്ണുതുറക്കില്ല. താൽക്കാലിക തസ്തികളിൽ നിയമനത്തിനും, നിലനിർത്തുന്നതിനും മാസപ്പടിയും നിർബന്ധം. ധർമ്മശാസ്താവിന്‍റെ യോഗദണ്‌ഡു വരെ മുൻ പ്രസിഡന്റിന്റെ മകൻ്റെ കസ്റ്റഡിയിൽ ആയിരുന്നു.


ഭഗവാൻ്റെ നിദ്രാ വേളയിലെ പുണ്യ സാന്നിധ്യമായ യോഗദണ്ഡ് രണ്ടുമാസത്തോളം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിന്റെ മകൻ്റെ ഉറക്കറയിൽ ആയിരുന്നു.ശബരിമലയിലെ ഭക്തർ ഒരു ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.  എരുമേലി ക്ഷേത്രത്തിലെ 200 വർഷം പഴക്കമുള്ള ദ്രവിച്ച ചുറ്റമ്പലം താങ്ങിനിർത്തുന്നതും അയ്യപ്പ സ്വാമി തന്നെയാണ്. തിടപ്പള്ളി ഉൾപ്പെടെ തകർന്ന അവസ്ഥയിലാണ്. കൊച്ചമ്പലത്തിലെ ഗണപതി ഭഗവാന് മഴ കൊള്ളാതിരിക്കാൻ പാട്ട കൊണ്ട് മൂടിയിരിക്കുകയാണ്. അനധികൃത നിർമ്മാണങ്ങളും അഴിമതിയും അരങ്ങ് തകർക്കുമ്പോഴാണ് അയ്യപ്പ വിശ്വാസികളുടെ ആദ്യ താവളമായ ഇവിടെ ക്ഷേത്രങ്ങൾ നാശോന്മുഖമായിരിക്കുന്നത്. 

ശബരിമലയിലെ സ്വർണ്ണക്കൊള്ള അവിശ്വാസിക്കൂട്ടം നടത്തിയ കവർച്ചയുടെ ഒരു അഗ്രം മാത്രമാണ്. ആഴത്തിലേക്ക് വേരോടിയിരിക്കുന്ന ക്രമക്കേട് കണ്ടെത്താൻ വിവിധ തലത്തിലുള്ള അന്വേഷണം ആവശ്യമാണ്. സ്ഥാവര ജംഗമവസ്തുക്കളും ഇതര ദ്രവ്യങ്ങളും നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യത അധികമാണ്. കൂടാതെ ബോർഡ് ഇടനിക്കാരുടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണമെന്ന് ഹരി ആവശ്യപ്പെട്ടു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments