കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കല്‍ സമ്മേളനം പാലാ ബിഷപ്‌സ് ഹൗസില്‍ നടന്നു



കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കല്‍  സമ്മേളനം പാലാ ബിഷപ്‌സ് ഹൗസില്‍ നടന്നു

ക്രൈസ്തവസഭകളെ  ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് , പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി  കേരളത്തിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ ഒരു പ്രതിനിധി സമ്മേളനം  പാലാ ബിഷപ്‌സ് ഹൗസില്‍ വച്ച് 2025 ഒക്ടോബര്‍ 15 ആം തീയതി  ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേര്‍ന്നു. സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസ- എക്യുമെനിക്കല്‍ കമ്മീഷനുകളുടെ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് സമ്മേളനം വിളിച്ചു ചേര്‍ത്തത്. 

 കേരളത്തിലെ വിവിധ സഭകളുടെ വിദ്യാഭ്യാസത്തിനും സഭൈക്യത്തിനുമായുള്ള  ചുമതലകള്‍ വഹിക്കുന്ന മെത്രാന്മാരും വൈദികരും അല്‍മായ പ്രതിനിധികളുമാണ് സീറോ- മലബാര്‍ എക്യുമെനിക്കല്‍, വിദ്യാഭ്യാസ കമ്മീഷനുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കുചേര്‍ന്നത്. 




മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്  മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍  കാതോലിക്കാ ബാവാ മുഖ്യ സ്ഥാനീയനായി നടത്തപ്പെട്ട  യോഗത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. 
 യോഗ തീരുമാനങ്ങള്‍ :
1. ഭിന്നശേഷി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഉത്തരവ് ഇറക്കണം. ഇനിയും കോടതിയിലേക്കു വലിച്ചിഴക്കാതെ പ്രശ്‌നം പരിഹരിക്കണം. 
2. ഭിന്നശേഷി നിയമനത്തിലൂടെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കു ഭരണഘടന നല്‍കിയിരിക്കുന്ന, അധ്യാപകരെ തിരഞ്ഞെടുക്കാനും നിയമിക്കാനും ഉള്ള അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമത്തെ യോഗം അപലപിച്ചു. ഗവണ്‍മെന്റ് തരുന്ന ലിസ്റ്റില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കാനുള്ള  അവകാശം ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്കു പുനഃസ്ഥാപിച്ചു തരണം. 
3. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു നടപടിയും സ്വീകരിക്കാതെ പൂഴ്ത്തി വച്ചിരിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുകയും കമ്മീഷന്‍ ക്രൈസ്തവ സമുദായങ്ങളുടെ ഉന്നമനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യണം. 
     
മുഖ്യ സ്ഥാനീയനായി യോഗത്തില്‍ സന്ദേശം നല്‍കിയ  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്  തൃതീയന്‍, ക്രൈസ്തവര്‍ നാഷണല്‍ ഇന്റഗ്രേഷന്റെ  ( ദേശീയോദ്ഗ്രഥനം ) അവിഭാജ്യ ഘടകമാണെന്നും ഈ രാജ്യത്തിന്റെതന്നെ മക്കളും ആണെന്നും ഓര്‍മിപ്പിച്ചു. നാം എത്ര പേരുണ്ടെന്നതല്ല; നാം ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം. അതുകൊണ്ടുതന്നെ ക്രൈസ്തവ ശബ്ദം ഒരുമിച്ചുയര്‍ത്തും. അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച  ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് , ക്രൈസ്തവ സമുദായങ്ങളും സഭയും രാഷ്ട്രവും സംബന്ധിക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും  സമുദായ ബോധം  വളര്‍ത്തിയെടുക്കണമെന്നും ഉദ്‌ബോധിപ്പിച്ചു. 

 
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മാര്‍ത്തോമാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്താ ജോസഫ് മാര്‍ ബര്‍ന്നബാസ്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷനും  ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ  സെക്രട്ടറിയുമായ മാര്‍ ഔഗിന്‍ കുറിയാക്കോസ് മെത്രാപ്പോലീത്താ,  ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ സെവേറിയാസ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ  കോട്ടയം ഭദ്രാസന അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ, യാക്കോബായ സുറിയാനി സഭ അങ്കമാലി -മൂവാറ്റുപുഴ റീജിയന്‍ മെത്രാപ്പോലീത്താ മാത്യൂസ് മാര്‍ അന്തിമോസ്, സി എസ് ഐ ഈസ്റ്റ് കേരള  ഡയോസിസ് ബിഷപ്പ്  വി. എസ്. ഫ്രാന്‍സീസ്, സീറോ-  മലബാര്‍ സഭ ഷംഷാബാദ് അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ , ക്‌നാനായ കത്തോലിക്കാ സമുദായ കോട്ടയം അതിരൂപത സഹായ മെത്രാന്‍  ഗീവര്‍ഗീസ് മാര്‍ അപ്രേം, മലബാര്‍ സ്വതന്ത്ര  സുറിയാനി സഭ സെക്രട്ടറി ബിനോയി പി മാത്യു , സീറോ -മലങ്കര സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് തേക്കടയില്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്  ജനറല്‍ സെക്രട്ടറി ഡോ.  പ്രകാശ് പി  തോമസ്, സീറോ മലബാര്‍ സഭ പി ആര്‍ ഓ ഫാ. ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു. 
 
വിവിധ സഭകളില്‍ നിന്നുള്ള മെത്രാന്മാരെ കൂടാതെ, കോര്‍പ്പറേറ്റ്  എഡ്യുക്കേഷണല്‍ ഏജന്‍സികളുടെ സെക്രട്ടറിമാരും വിവിധ സഭകളുടെ വൈദിക,  അല്‍മായ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.  സീറോ - മലബാര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡൊമിനിക്   അയലൂപറമ്പില്‍ യോഗത്തിന്  സ്വാഗതവും എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments