മോളി ടോമി സംസ്ഥാനത്തെ മികച്ച കർഷക...മീനച്ചിൽ കാർഷിക വികസന ബാങ്കിന് അഭിമാന നിമിഷം
സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ 2024 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് കോട്ടയം ജില്ലയിൽ നിന്നുള്ള മോളി ടോമിക്ക് . പാലാ കേന്ദ്രമായുള്ള മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ ഓഹരി ഉടമയും ദീർഘനാളായുള്ള ഇടപാടുകാരിയുമാണ് മോളി ടോമി. കേരളത്തിലെ എഴുപത്തിയേഴ് താലൂക്കുകളിലെയും കാർഷിക വികസന ബാങ്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെയാണ് അവാർഡിന് പരിഗണിച്ചത്. വായ്പയെടുത്ത് കൃഷി നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന കാർഷിക വികസന ബാങ്ക് എല്ലാവർഷവും നൽകി വരുന്നതാണ് മികച്ച കർഷക അവാർഡുകൾ.
ഇതോടൊപ്പം പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ കർഷകരേയും അവാർഡ് നൽകി ആദരിക്കും. കോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത് പാലക്കാട്ടുമല തെങ്ങും തോട്ടത്തിൽ വീട്ടിൽ മോളിക്ക് പിന്തുണയുമായി ഭർത്താവ് ടോമിയും മകൻ മാത്തുക്കുട്ടിയും സദാസമയവും കൂടെയുണ്ട് . പന്നി, പോത്ത്, ആട്, കോഴി, താറാവ്, മുയൽ, കാട, പാത്ത തുടങ്ങിയവയുടെ പ്രത്യേക ഫാമുകളും വിവിധയിനം പഴവർഗ്ഗങ്ങൾ പച്ചക്കറികൾ, മീൻ വളർത്തൽ എന്നിവയും മോളിയുടെ പുരിയിടത്തിലുണ്ട്. വിവിധയിനം മൃഗങ്ങളുടെ മാംസം ഗുണനിലവാരം ഉറപ്പുവരുത്തി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള സംസ്കരണ യൂണിറ്റും വീടിനോട് ചേർന്ന് സജ്ജീകരിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വന്തം നിലയിൽ നടത്തുന്ന സ്ഥാപനങ്ങളിലൂടെ ഇവിടെ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു വരുന്നു. ഇതിനും പുറമേ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സ്വന്തം ഫാമിലെ ഉൽപ്പന്നങ്ങൾ വീടുകളിൽ നേരിട്ടെത്തിക്കുകയും ചെയ്യുന്നുണ്ട്. സമ്മിശ്ര കൃഷിയിൽ ശ്രദ്ധയൂന്നിയ മോളിയുടെ ഇരുപതേക്കറോളം വരുന്ന കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്ന ജൈവ വളത്തിന് ആവശ്യക്കാർ ഏറെയാണ്. മോളി, ടോമി ദമ്പതികളുടെ മകനായ മാത്തുക്കുട്ടിയും കൃഷിയിടത്തിൽ മുഴുവൻ സമയവും പ്രവർത്തന നിരതനാണ്. എം കോം, എം ബി എ ബിരുദധാരിയായ മാത്തുക്കുട്ടി ബി എം ഡബ്ലിയു കമ്പനിയിലെ ടെറിട്ടറി മാനേജർ ഉദ്യോഗം രാജിവച്ചാണ് കൃഷിയിലേക്ക് തിരിഞ്ഞത്.
കോതമംഗലം എം എ കോളേജിലെ അധ്യാപികയായ മാത്തുക്കുട്ടിയുടെ ഭാര്യ തെരേസ് ചാർലിയും കൃഷിയിൽ പിന്തുണയുമായി കുടുംബത്തിനൊപ്പമുണ്ട് .മോളിയുടെ കൃഷിസ്ഥലവും ഫാമുകളും സന്ദർശിക്കുവാനും,കൃഷിരീതികൾ മനസ്സിലാക്കുവാനും നിരവധി ആളുകളാണ് പാലക്കാട്ടുമലയിൽ എത്തുന്നത്. കേരളത്തിലെ ഏറ്റവും മികച്ച കർഷകന് സംസ്ഥാനതലത്തിൽ നൽകിവരുന്ന അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, കാർഷിക വികസന ബാങ്ക് നൽകിവരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മോളി ടോമി പറഞ്ഞു.
ഒക്ടോബർ പതിനഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മൊമൻ്റോയും മോളിയും കുടുംബവും ഏറ്റുവാങ്ങും. ജില്ലാതലത്തിൽ വിജയികളായവർക്കുള്ള അവാർഡുകളും അന്ന് വിതരണം ചെയ്യും. താലൂക്കിലെ ജനങ്ങളുടെ വിവിധങ്ങളായ വായ്പാ ആവശ്യങ്ങൾ നടപ്പാക്കി കൊടുക്കുന്ന ബാങ്കിൻ്റെ സാമ്പത്തിക പിന്തുണയോടെ മോളി ടോമി സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് മീനച്ചിൽ കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കലും സെക്രട്ടറി ജോ പ്രസാദും പറഞ്ഞു.






0 Comments