ഹർത്താൽദിനത്തിൽ യുഡിഎഫ് പ്രതിഷേധപ്രകടനത്തിനിടെ പേരാമ്പ്ര ടൗണിലുണ്ടായ സംഘർഷത്തിനിടയ്ക്ക് പോലീസിനുനേരേ സ്ഫോടകവസ്തു എറിഞ്ഞതിന് കേസെടുത്തു. പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർചെയ്തത്. വീഡിയോദൃശ്യങ്ങൾ പരിശോധിച്ചതിൽ യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽനിന്ന് ഒരാൾ സ്ഫോടകവസ്തു വലിച്ചെറിയുന്നതായും പോലീസുദ്യോഗസ്ഥരുടെ ഇടയിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും കണ്ടെത്തിയെന്ന പേരിലാണ് കേസ്.
പ്രകടനക്കാരുടെ ഇടയിൽനിന്ന് ഒരു വസ്തു പോലീസുകാരുടെ ഇടയിലേക്ക് എറിയുന്ന വീഡിയോദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് സ്ഥലത്ത് സ്ഫോടനം നടന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.കെ. സജീഷാണ് കഴിഞ്ഞദിവസം ആരോപണമുന്നയിച്ചത്.
ഈ പശ്ചാത്തലത്തിൽ ഫൊറൻസിക് സംഘവും പോലീസും തിങ്കളാഴ്ച വൈകീട്ട് പേരാമ്പ്രയിൽ പരിശോധന നടത്തി. ഡിവൈഎസ്‌പി എൻ. സുനിൽകുമാർ, പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പേരാമ്പ്ര മെയിൻ റോഡിൽ പരിശോധന നടത്തിയത്.
പ്രവർത്തകരെ പിരിച്ചുവിടാൻ ഒട്ടേറെത്തവണ ടിയർഗ്യാസ് ഷെല്ലുകളും പോലീസ് പ്രയോഗിച്ചിരുന്നു. അതിനാൽ സ്ഫോടനം എങ്ങനെയാണെന്നതിൽ അവ്യക്തത നിലനിന്നിരുന്നു. റോഡിൽ തെറിച്ചുവീണ വസ്തുക്കൾ ഫൊറൻസിക് സംഘം ശേഖരിച്ചു.
ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവർ ഉൾപ്പടെയുള്ള 700-ഓളം ആളുടെ പേരിൽ പോലീസ് സംഘർഷമുണ്ടായ ദിവസംതന്നെ കേസെടുത്തിരുന്നു.
റോഡിലൂടെ ഗതാഗതതടസ്സമുണ്ടാക്കി ജാഥ നടത്തി കല്ലെറിഞ്ഞ് പോലീസുദ്യോഗസ്ഥർക്ക് പരിക്കേൽപ്പിച്ചുവെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമുള്ള പേരിലാണ് ആദ്യം കേസെടുത്തിരുന്നത്. പുതിയ കേസിൽ പ്രതിയുടെ പേര് പരാമർശിച്ചിട്ടില്ല.
0 Comments