രാഷ്ട്രപതിക്ക് ഇന്ന് 3 ചടങ്ങുകൾ. രാജ്ഭവനിൽ കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം, വർക്കലയിൽ ഗുരുദേവ സമാധി ശതാബ്ദി ആചരണ ഉത്ഘാടനം, പാലാ സെൻ്റ് തോമസ് കോളേജ് ജൂബിലി സമാപന ചടങ്ങ്. രാജ്‌ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ്റെ പ്രതിമ ഇന്നു രാവിലെ 10.30 നു രാഷ്ട്രപതി ദ്രൗപദി മുർമു അനാവരണം ചെയ്യും. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും. ഇവിടെ രാഷ്ട്രപതി പ്രസംഗിക്കുന്നില്ല. വിമാനത്താവളത്തിൽ നിന്നു ഹെലികോപ്റ്ററിൽ ഉച്ചയ്ക്കു 12.40ന് രാഷ്ട്രപതി വർക്കല ബീച്ച് ഹെലിപാഡിൽ എത്തും. തുടർന്നു കാറിൽ 12.50നു ശിവഗിരി മഹാസമാധിയിലെത്തും.
പുഷ്പാർച്ചനയ്ക്കും പ്രാർഥനയ്ക്കും ശേഷം,ശ്രീനാരായണ ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിന്റെ 3 വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ തീർഥാടന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. ഭക്ഷണവും വിശ്രമവും കഴിഞ്ഞു 3 മണിയോടെ ശിവഗിരിയിൽനിന്നു മടങ്ങും.
3.50നു പാലാ സെൻ്റ് തോമസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി 4.15നു കോളജിൻ്റെ പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും. 5.10നു ഹെലികോപ്റ്ററിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗം 6.20നു കുമരകം താജ് റിസോർട്ടിലെത്തി അവിടെ താമസിക്കും. നാളെ രാവിലെ 11നു കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്.
11.35നു കൊച്ചി നാവിക വിമാനത്താവള ത്തിൽ സ്വീകരണം. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി, കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.10 നു ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകിട്ട് 3.45നു നാവികസേനാ വിമാനത്താവളത്തിൽനിന്നു ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി, 4.15നു പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങും.
0 Comments