67ാ -മത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍. ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് മുന്നോടിയായി നടക്കുന്ന സ്വര്‍ണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് രാവിലെ 8 മണിക്ക് ഘോഷയാത്ര ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ശേഷം,ഒക്ടോബര്‍ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും. കണ്ണൂര്‍ 10.30, ഇരിട്ടി 12.00, മാനന്തവാടി 1.30, കല്‍പറ്റ 3.00 എന്നിവിടങ്ങളിലാണ് ഇന്നത്തെ സ്വീകരണങ്ങള്‍.
ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കായികതാരങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍,കായിക പ്രേമികള്‍,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. നടി കീര്‍ത്തി സുരേഷാണ് മേളയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് സ്‌കൂള്‍ ഒളിമ്പിക്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ്, സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക.
ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് ഇത്തവണ തലസ്ഥാന നഗരിയാണ് വേദിയാകുന്നത്. 21ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനംചെയ്യും. 4500 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മത്സരങ്ങള്‍ 22മുതലാണ്. മത്സരങ്ങള്‍ 12 സ്റ്റേഡിയങ്ങളിലായി നടക്കും. കായിക മേളയുടെ ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്.
പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വടംവലിയടക്കം 12 മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. അത്ലറ്റിക്സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ്. ത്രോ മത്സരങ്ങള്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. സമാപന സമ്മേളനവും ഇവിടെയാണ്. പന്തലിനുള്ള കാല്‍നാട്ടല്‍ മന്ത്രി നിര്‍വഹിച്ചു.
ഭക്ഷ്യധാന്യ സംഭരണത്തിനും തുടക്കമായി. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കല്‍ ഒഫീഷ്യല്‍സിനെയും സെലക്ടേഴ്‌സിനെയും വളന്റിയേഴ്‌സിനെയും നിയോഗിച്ചു. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി 70 സ്‌കൂളുകളും സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി പുത്തരിക്കണ്ടമടക്കം അഞ്ച് അടുക്കളകള്‍ സജ്ജീകരിച്ചു. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേര്‍ക്ക് ഇരുന്ന് കഴിക്കാന്‍ സൗകര്യമുണ്ടാകും.
0 Comments