'പ്രായം മറന്ന്' സ്വർണ്ണം വാരിക്കൂട്ടി മാസ്റ്റേഴ്സ് താരം അലക്സ് മേനാംപറമ്പിൽ.
നീന്തൽ കുളത്തിൽ അലക്സ് മേനാംപറമ്പിലിന് പ്രായം വെറും നമ്പറുകൾ മാത്രം. 'പഴകും തോറും വീഞ്ഞിന് വീര്യം കൂടും' എന്ന പഴമൊഴിയെ അന്വർത്ഥമാക്കി നീന്തൽ മത്സരങ്ങളിൽ സ്വർണം വാരി കൂട്ടുകയാണ് ഈ 70-കാരൻ.
കഴിഞ്ഞ മാസം തിരുവല്ലയിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 70 വയസിന് മുകളിലുള്ളവരുടെ നീന്തൽ മത്സങ്ങളിൽ 3 സ്വർണ്ണവും 2 വെള്ളിയും കരസ്ഥമാക്കിയതാണ് നേട്ടങ്ങളുടെ പട്ടികയിൽ ഒടുവിലത്തേത്.
കഴിഞ്ഞ 10 വർഷവും 60 വയസിൻ്റെ കാറ്റഗറിയിലും, 65 വയസിൻ്റെ കാറ്റഗറിയിലും പങ്കെടുത്ത് രണ്ട് ഡസനോളം സ്വർണ്ണവും വെള്ളിയും അലക്സ് നേടിയിട്ടുണ്ട്. 70 ൻ്റെ കാറ്റഗറിയിൽ പങ്കെടുക്കുന്നത് ആദ്യമായാണ്.
പഠനകാലത്ത് സർവകലാശാല തലത്തിൽ നീന്തൽ മത്സരത്തിൽ വിജയിച്ച കരുത്തും കൈമുതലാക്കിയാണ് അലക്സ് ഇക്കുറി നീന്തൽ കുളത്തിൽ മത്സരിക്കാൻ ഇറങ്ങിയത്. 34 വർഷത്തെ ഇടവേള അലക്സിന്റെ കായിക ക്ഷമതയെ തെല്ലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തുടർച്ചയായുള്ള ഈ വിജയങ്ങൾ.
പാലാ തോപ്പൻസ് നീന്തൽ അക്കാദമിയിൽ ഒന്ന് ഇടവിട്ട ദിവസങ്ങളിൽ മുതിർന്ന നീന്തൽ താരങ്ങൾക്ക് ഒപ്പം പരിശീലനം നടത്തുന്നത് അലക്സിന്റെ പതിവാണ്. ചിട്ടയായ പരിശീലനവും മത്സരങ്ങളോടുള്ള അഭിനിവേശവുമാണ് സംസ്ഥാനതലത്തിൽ നേട്ടങ്ങൾ കൊയ്യാൻ അദ്ദേഹത്തിന് പ്രചോദനമാകുന്നത്.
എസ് ബി ഐ ബാങ്കിലെ റിട്ട. ജീവനക്കാരനാണ് അലക്സ്. പാലായുടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് അദ്ദേഹം. വൈഎംസിഎയുടെ ദീർഘകാലത്തെ പ്രസിഡന്റായും, സെന്റ് തോമസ് കോളേജ് അലൂമിനിയ അസോസിയേഷന്റെ സ്ഥാപനകാലം മുതൽ 24 വർഷത്തെ സെക്രട്ടറിയായി പ്രവർത്തിച്ചു. വെള്ളിയേപ്പള്ളി സെവൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ദീർഘകാല പ്രസിഡൻ്റുമായിരുന്നു.
പ്രായം തില്ലം തളർത്താത്ത അലക്സ് മേനാംപറമ്പിൽ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. പേരക്കുട്ടികളോടൊപ്പം മഴയിൽ തുള്ളി കളിക്കുന്ന അലക്സിന്റെ വീഡിയോകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സെൻറ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട നടത്തിയ മാരത്തൻ ഓട്ടത്തിൽ അലക്സും അദ്ദേഹത്തിൻറെ മക്കളും കൊച്ചുമക്കളും മൂന്നുമാസം പ്രായമുള്ള അന്നക്കുട്ടിയും ഉൾപ്പെടെ മൂന്നു തലമുറയിലെ എട്ടു പേർ പങ്കെടുത്തത് അന്ന് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു.
അന്നമ്മ പെരുമാലിൽ ആണ് ഭാര്യ. പാമ്പാടി ആർ ഐ റ്റി എൻജിനീയറിങ് കോളേജ് അധ്യാപകൻ ചെറി എം. മേനാപറമ്പിൽ, ആലുവ ചൂളക്കൽ അന്ന, കടപ്ലാമറ്റം നെല്ലിക്കുന്നിൽ സിസി എന്നിവരാണ് മക്കൾ. ഭാര്യയുടെയും മക്കളുടെയും നിർലോഭമായ പിന്തുണയും പ്രോത്സാഹനവും ആണ് സുവർണ്ണ നേട്ടങ്ങൾക്ക് കരുത്താകുന്നതെന്ന് അലക്സ് മേനാംപറമ്പിൽ പറയുന്നു





0 Comments