പാലാ രൂപത ബൈബിൾ കൺവൻഷൻ
ഡിസംബർ 19-ന് ആരംഭിക്കുമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു ...... രൂപതാ വികാരി ജനറാൾമാരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.... വീഡിയോ ഈ വാർത്തയോടൊപ്പം
ഡിസംബർ 19 ന് ആരംഭിക്കുന്ന പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങളാണ് പൂർത്തിയായത്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ഈ വർഷവും ക്രമീകരിച്ചിരിക്കുന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 23 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ബൈബിൾ കൺവൻഷന്റെ സമാപന സന്ദേശം നൽകും.
വീഡിയോ ഇവിടെ കാണാം 👇👇👇
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവെൻഷൻ നയിക്കുന്നത്. അഞ്ചു ദിവസത്തെ കൺവെൻഷൻ ഡിസംബർ 23 ചൊവ്വാഴ്ച സമാപിക്കും. സഭാംഗംങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക പരിസ്ഥിതികളെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, വിശ്വാസികളുടെ ആത്മീയ മേഖലയില്‍ എന്നതുപോലെതന്നെ ഭൗതിക ആവശ്യങ്ങളിലും അവര്‍ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ സത്വരമായ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന ബോധ്യത്തോടെ സീറോ മലബാർ സഭ ആഹ്വനം ചെയ്തിരിക്കുന്ന സാമുദായിക ശാക്തീകരണ വർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ബൈബിൾ കൺ വൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ബൈബിൾ കൺവെൻഷന്റെ വിജയത്തിനായിട്ടുള്ള മദ്ധ്യസ്ഥപ്രാർത്ഥന നവംബർ ഒന്നു മുതൽ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചിരുന്നു. കൺവെൻഷന്റെ മൊബിലൈസേഷന്റെ ഭാഗമായി പാലാ രൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും നവംബർ ഒന്നു മുതലുള്ള സന്ദർശനം പൂർത്തിയായി. കൺവെൻഷന്റെ ശുശ്രൂഷകർക്ക് ഒരുക്കമായിട്ടുള്ള ധ്യാനം ഡിസംബർ 7-ന് അരുണാപുരം സെന്റ് തോമസ് ദൈവാലയത്തിൽ നടന്നു. ഡിസംബർ ഒന്നു മുതൽ കൺവെൻഷൻ ഗ്രൗണ്ടിൽ ആരംഭിച്ചിരിക്കുന്ന ജെറീക്കോ പ്രാർത്ഥന പുരോഗമിക്കുന്നു.
ഓരോ കുടുംബത്തെയും വ്യക്തിപരമായി ബൈബിൾ കൺവൻഷനിലേയ്ക്ക് ക്ഷണിക്കുക എന്ന രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഗ്രഹപ്രകാരം രൂപത കരിസ്മാറ്റിക്, ഇവാഞ്ചലൈസേഷൻ ടീമംഗങ്ങളുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും പൂർത്തിയായി.
വിശ്വാസസമൂഹത്തിന് ദൈവവചനം കേൾക്കാനും ദൈവാരാധനയിൽ പങ്കെടുക്കാനും വേണ്ട വിശാലമായ പന്തൽ പൂർത്തിയായിരിക്കുന്നു. വിവിധ മിനിസ്ട്രികളുടെ കമ്മിറ്റികൾ ബൈബിൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് പ്രവർത്തനമാരംഭിച്ചു.
കൺവെൻഷൻ ജനറൽ കോ-ഓർഡിനേറ്റർ മോൺ. സെബാസറ്റ്യൻ വേത്താനത്ത്, ജനറൽ കൺവീനർ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജോസഫ് അരിമറ്റത്ത്, കൺവെൻഷൻ വോളന്റിയേഴ്സ് ക്യാപ്റ്റൻ ഫാ. ആൽബിൻ പുതുപ്പറമ്പിൽ, രൂപത ഇവാഞ്ചലൈസേഷൻ കരിസ്മാറ്റിക് ഭാരവാഹികൾ തുടങ്ങിയവർ ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുമെന്നും സംഘാടകർ പറഞ്ഞു.




0 Comments