ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. ശബരിമല തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട എഫ്‌ഐഎസ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറണം എന്നാണ് കോടതി നിര്‍ദേശം. ഇഡി അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെയും എസ്‌ഐടിയുടെയും നിലപാട് തള്ളിയാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ ഇടപെടല്‍.
കേസിലെ എഫ്‌ഐഎസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തേടി നേരത്തെ ഇഡി വിജലൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ ഫെമ നിയമ ലംഘനം ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ ഉള്‍പ്പെടെ സ്വീകരിച്ച നിലപാട്. എന്നാല്‍, എഫ്‌ഐഎസും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് കീഴ് കോടതിയെ സമീപിക്കാന്‍ ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതനുസരിച്ചാണ് കൊല്ലം വിജിലന്‍സ് കോടതിയെ ഇഡി സമീപിച്ചത്.
അന്താരാഷ്ട്ര ഇടപെടല്‍ ആരോപണമുണ്ട്, സംസ്ഥാനത്തിന് പുറത്തും ഇടപെടല്‍ നടന്നു തുടങ്ങിയ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ കള്ളപ്പണ ഇടപെടല്‍ ഉണ്ടായെന്നത് പ്രാഥമികമായി തന്നെ വ്യക്തമായിട്ടുണ്ടെന്നുമായിരുന്നു ഇഡി നിലപാട്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൊച്ചി സോണല്‍ ഓഫീസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഇ ഡി ക്ക് സാധിക്കും. സര്‍ക്കാരുമായും സിപിഎമ്മുമായും നേരിട്ട് ബന്ധമുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസിലാണ് ഇഡി അന്വേഷണം വരുന്നത്.




0 Comments