കടബാധ്യത ഒഴിവാക്കാന്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67)നെ ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തായിരുന്നു സമ്മാന കൂപ്പണ്‍ അടിച്ചത്. കൂപ്പണ്‍ വിറ്റ് നറുക്കെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചപ്പോഴാണ് ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പൊലീസ് ഇടപെടല്‍.
ജപ്തി നടപടികളില്‍നിന്ന് രക്ഷപ്പെടാനും ഭാര്യയുടെ ചികിത്സ നടത്താനുമായാണ് കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസ് വീടും സ്ഥലവും വാഹനങ്ങളും നറുക്കെടുപ്പില്‍ വച്ചത്. ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പിന് തീയതി നിശ്ചയിച്ചത്. ഇതിനിടെ പൊലീസ് എത്തി ബെന്നിക്കെതിരെ കേസെടുക്കുകയും ബാക്കിയുണ്ടായിരുന്ന കൂപ്പണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. നറുക്കെടുപ്പിന് കൂപ്പണ്‍ വില്‍പ്പന തുടങ്ങിയപ്പോള്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സമില്ലെന്നും അറിയിച്ചതാണെന്നുമാണ് ബെന്നി പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ബെന്നിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സൗദി റിയാദില്‍ ബിസിനസ് നടത്തിയിരുന്ന ബെന്നിക്ക് കോവിഡ് ലോക്ഡൗണ്‍ കാലത്ത് നഷ്ടമുണ്ടായി ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല. കടം പെരുകി ദശലക്ഷങ്ങളായി. ഇതിനിടെ ഭാര്യക്ക് കാന്‍സര്‍ ബാധിച്ച് ചികിത്സയ്ക്കായി വന്‍ തുക ചെലവഴിക്കേണ്ടിവന്നു. കടം വീട്ടാന്‍ വീട് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.വീട് ജപ്തിയുടെ വക്കിലെത്തിയതോടെയാണ് സമ്മാനക്കൂപ്പണ്‍ എന്ന ആശയത്തിലേക്ക് ബെന്നി വന്നത്.
ഒന്നാം സമ്മാനം വീടും സ്ഥലവും രണ്ടാം സമ്മാനം യൂസ്ഡ് ഥാര്‍ കാര്‍, മൂന്നാം സമ്മാനം യൂസ്ഡ് മാരുതി സെലേറിയോ കാര്‍, നാലാം സമ്മാനം പുതിയ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നിവയാണ് പ്രഖ്യാപിച്ചത്. ഇതിനിടെ വീടും സ്ഥലവും വില്‍പന നടത്താനും ശ്രമിച്ചുകൊണ്ടിരുന്നു. വില്‍പന നടത്തിയാല്‍ കൂപ്പണ്‍ വാങ്ങിച്ചവര്‍ക്ക് പണം തിരികെ നല്‍കാനായിരുന്നു തീരുമാനം. ലോട്ടറി നിയമങ്ങളുടെ ലംഘനമാണ് കൂപ്പണ്‍ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നറുക്കെടുപ്പ് തടഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെന്നി കൂപ്പണ്‍ പദ്ധതി ആരംഭിച്ചത്.




0 Comments