കാമുകനൊപ്പം ജീവിക്കാനായി പിഞ്ചുകുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക ശരണ്യയുടെ ഭർത്താവ് പ്രണവിനു നൽകണം. തളിപ്പറമ്പ് അഡീഷണൽ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായ ശരണ്യയുടെ കാമുകന് നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
2020 ഫെബ്രുവരി 17ന് പുലര്‍ച്ചെ 2.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര വയസുകാരനായ വിയാനെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ മേല്‍ ചുമത്തി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച് ബുധനാഴ്ച നടന്ന വാദത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു വാദിച്ചത്.
അതേസമയം, കേസിനെ അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷക മഞ്ജു ആന്റണി വാദിച്ചു. എന്നാൽ ശരണ്യയുടെ വസ്ത്രത്തിൽനിന്ന് കടൽവെള്ളത്തിന്റെ അംശം ശാസ്ത്രീയമായി കണ്ടെത്തിയിരുന്നില്ലെങ്കിൽ ഹതഭാഗ്യനായ ഭർത്താവായിരുന്നില്ലേ കുറ്റക്കാരനായി ഇവിടെ പ്രതിക്കൂട്ടിൽ ഉണ്ടാവുകയെന്ന് ജഡ്ജി പ്രതിഭാഗം അഭിഭാഷകയോട് ചോദിച്ചിരുന്നു.
കൂടാതെ നടന്നത് യാദൃച്ഛികമായ കൊലയല്ല. സംഭവത്തിനു ശേഷം ഒന്നും സംഭവിക്കാത്തതുപോലെ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ കിടന്നു. കാമുകനെ ഫോണിൽ വിളിക്കുകയും ചെയ്തു. കുറ്റം ചെയ്തുവെന്ന് മാത്രമല്ല, അത് മറ്റൊരാളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. വേണമെങ്കിൽ അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാമെന്നും ജഡ്ജി കെ.എൻ. പ്രശാന്ത് പ്രതിഭാഗം അഭിഭാഷകയോട് വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.




0 Comments