കുറ്റില്ലം പാലം പുനർനിർമ്മാണം: നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് വിരാമം ...... നിർമ്മാണോദ്ഘാടനം നാളെ
മീനച്ചിൽ - മുത്തോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുറ്റില്ലം പാലത്തിന്റെ പുനർനിർമ്മാണത്തിന് തുടക്കമാകുന്നു.
മാണി സി. കാപ്പൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് മാണി സി. കാപ്പൻ എം.എൽ.എ നിർവ്വഹിക്കും.
നാടിന്റെ സഹകരണത്തിൽ നിന്നും വികസനത്തിലേക്ക് മീനച്ചിൽ തോടിന് കുറുകെയുള്ള ഈ പാലത്തിന് പറയാൻ ഒരു നാടിന്റെ അതിജീവനത്തിന്റെ കഥയുണ്ട്.
1992-ന് മുൻപ് നാട്ടുകാർ സ്വന്തം നിലയിൽ നിർമ്മിച്ച ഒരു തടിപ്പാലമായിരുന്നു ഏക യാത്രാമാർഗ്ഗം. പിന്നീട് നാട്ടുകാരുടെ സജീവ സഹകരണത്തോടെ 1992-ൽ മുത്തോലി പഞ്ചായത്തിൽ നിന്നും ജെ.ആർ.വൈ (URY) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലവിലെ പാലം നിർമ്മിച്ചത്. 33 വർഷത്തോളം പഴക്കമുള്ള ഈ പാലം ഇപ്പോൾ അതീവ ശോച്യാവസ്ഥയിലുമാണ്.
കാത്തിരിപ്പിന്റെ അഞ്ച് വർഷങ്ങൾ വീതി കുറഞ്ഞ നിലവിലെ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നതും പാലത്തിന്റെ ബലക്ഷയവും കണക്കിലെടുത്ത് നാട്ടുകാർ ഒന്നിച്ച് നൽകിയ നിവേദനത്തെത്തുടർന്ന് അഞ്ച് വർഷം മുൻപാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.
എന്നാൽ വിവിധ വകുപ്പുകളിൽ നിന്നുള്ള സാങ്കേതികാനുമതികൾ (Clearance) ലഭിക്കാനുള്ള കാലതാമസം മൂലം പദ്ധതി നീണ്ടുപോയി. നാട്ടുകാർ ,പാലം നിർമ്മാണ കമ്മിറ്റി എന്നിവരുടെ പരിശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്നത്.
പുതിയ പാലം വികസനത്തിന്റെ പുതിയ മുഖം :
മുത്തോലിപഞ്ചായത്തിലെ എട്ടാം വാർഡിലെ ഇരുനൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാലം, സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ സാധിക്കുന്ന വിധത്തിൽ 15 അടി വീതിയിലാണ് പുതിയ പാലം വിഭാവനം ചെയ്തിരിക്കുന്നതെന്ന് നിർമ്മാണ കമ്മിറ്റി ചെയർമാൻ ഷാജി മാത്യു തകിടിയേൽ, കൺവീനർ സുമോദ് വളയത്തിൽ എന്നിവർ പറഞ്ഞു. പദ്ധതി സഫലമാക്കാൻ പ്രയത്നിച്ച എല്ലാവരെയും നിർമാണ കമ്മിറ്റി അനുമോദിച്ചു.
മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെമ്പർമാരായ പ്രിൻസ് ഓടക്കൽ, സരിത ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.




0 Comments