കല്ലറയിൽ ഇനി പുതിയ പൊലീസ് സ്റ്റേഷൻ; ഉദ്ഘാടനം നാളെ
കല്ലറയിൽ പുതിയതായി നിർമിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ശനിയാഴ്ച ( ജനുവരി 24) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കളമ്പുകാടുള്ള പോലീസ് സ്‌റ്റേഷൻ പരിസരത്തു നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഫ്രാൻസിസ് ജോർജ് എം. പി മുഖ്യാതിഥിയായി പങ്കെടുക്കും.
പോലീസ് സ്റ്റേഷനായി 30 സെന്റ് സ്ഥലവും 2,250 ചതുരശ്രയടിയുള്ള രണ്ടുനില കെട്ടിടവും കല്ലറ പഞ്ചായത്ത് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയിരുന്നു. കല്ലറ പഞ്ചായത്തിന്റെ 2019-2020 പ്ലാൻ ഫണ്ടിൽനിന്നുള്ള 33.66 ലക്ഷംരൂപ വിനിയോഗിച്ചാണ് രണ്ടുനില കെട്ടിടം നിർമിച്ചത്.
ഒരു നിലയും പോർച്ച് അടക്കമുള്ള സൗകര്യങ്ങളുമായി 1,500 ചതുരശ്രയടി കൂട്ടിച്ചേർത്ത് സൗകര്യങ്ങൾ പിന്നീട് വിപുലീകരിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഇൻസ്പെക്ടർ എന്നിവരുടെ മുറികൾ, ഓഫീസ് മുറികൾ, വിശ്രമമുറി, ലോക്കപ്പ്, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി, ശൗചാലയങ്ങൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
കെട്ടിടം വിപുലീകരിക്കുന്നതിനും സ്റ്റേഷനിലെ സൗകര്യങ്ങൾ ഒരുക്കുന്നതിനും സി.കെ. ആശ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 36.50 ലക്ഷം രൂപയാണ് അനുവദിച്ചത്.




0 Comments