പാലായെ പാടെ അവഗണിച്ച ബഡ്ജറ്റ് : മാണി സി. കാപ്പൻ എം.എൽ.എ.


പാലായെ പാടെ അവഗണിച്ച ബഡ്ജറ്റ് .
മാണി സി. കാപ്പൻ എം.എൽ.എ.

 എൽഡിഎഫ് സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് പാലായെ പാടെ അവഗണിക്കുകയും പാലാക്കാരെ അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് മാണി സി. കാപ്പൻ എംഎൽഎ . തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സമർപ്പിച്ച 20 പ്രൊപ്പോസലുകളിൽ ഒരെണ്ണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതല്ലാതെ ബാക്കിയെല്ലാം പാടെ നിരസിച്ചത് വഴി ഭരണത്തിൻ സ്വാധീനമുള്ളവർ വികസനത്തിന് തുരങ്കം വെക്കുന്നുവെന്ന തന്റെ നിലപാടിനെ സാധൂകരിക്കുന്നതാണ്.  നിയോജക മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ജനാധിപത്യ മര്യാദയല്ല. താൻ സമർപ്പിച്ച ബഡ്ജറ്റ് നിർദേശങ്ങൾ ഒഴിവാക്കി ജനറൽ ആശുപത്രിക്ക് ഓങ്കോളജി ബ്ലോക്കിന് 20 കോടി രൂപ അനുവദിച്ചത് സ്വാഗതാർഹമാണെങ്കിലും സ്ഥല പരിമിതിമൂലം വീർപ്പുമുട്ടുന്ന ആശുപത്രികോമ്പൗണ്ടിൽ നിന്നും മാറ്റി പണിയണം. നിരവധി ആളുകൾ നിത്യേന വന്നു പോകുന്ന ആശുപത്രിയിൽ റേഡിയേഷൻ സൗകര്യമില്ല. റേഡിയേഷൻ നടത്തുന്നത് സുരക്ഷിതമായ കെട്ടിടത്തിലും ജനസമ്പർക്കമില്ലാത്ത ഇടത്തിലുമല്ലെങ്കിൽ നിരവധി കാൻസർ രോഗികളും മറ്റു അനുബന്ധ രോഗങ്ങളുമുള്ളവരെ സൃഷ്ടിക്കാനെ ഇത് ഉപകരിക്കുകയുള്ളൂ. പട്ടണത്തിൽ ഒതുങ്ങുന്ന വികസനം അംഗീകരിക്കാൻ  ആവില്ല.  പട്ടണത്തിൽ മാത്രം വികസനം ഒതുക്കിയതുകൊണ്ടാണ് പാലാ ചുരുങ്ങിയത് . ഗ്രാമമായിരുന്ന തൊടുപുഴ ഇന്ന് നഗരമാവുകയും പട്ടണം ആയിരുന്ന പാലാ ഇന്ന് പട്ടണമായി തന്നെ തുടരുകയും ചെയ്യുന്നത് ഭാവന ഇല്ലാതെ കഴിഞ്ഞ നാലു പതിറ്റാണ്ടായി ജനപ്രതിനിധികൾ പ്രവർത്തിച്ചതുകൊണ്ടാണ്. എന്നാൽ മലയോരമേഖല ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലെ റോഡ്, പാലം ,സർക്കാർ സ്ഥാപനങ്ങൾ എന്നിവ കൊണ്ടുവരുന്നതിനാണ് കഴിഞ്ഞ ഏഴ് വർഷമായി തന്റെ നിരന്തരമായ പരിശ്രമം . അതിനു തുരങ്കം വെക്കുന്നതാണ് നാടിന്റെ ശാപം. അതുകൊണ്ട് പുതിയ മോഡൽ വികസന സങ്കൽപമാണ് തന്റെ സ്വപ്നം. 

   കെ.എം മാണി പദ്ധതിയിട്ട അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് പണി ആരംഭിക്കാതെ താൻ ഇനി സബ്ജറ്റ് കമ്മിറ്റിയിൽ പങ്കെടുക്കില്ല എന്ന് ജലവിഭവ വകപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിട്ട് അറിയിച്ചതാണ്. ബൈപാസ് റോഡ് നാളിതുവരെ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാത്തതും പ്രതിഷേധാർഹമാണ്. അപ്പ്രോച്ച് റോഡ് ഇല്ലാതെ പണിത കളരിയാമാക്കൽ പാലത്തിന് ഇനിയും ശാപ മോക്ഷമാകാത്തതും നിരാശയുളവാക്കുന്നു. ജനറൽ ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ ഒന്നരക്കോടി രൂപ അനുവദിച്ചത് ചെലവഴിക്കാതെ വീണ്ടും 5 കോടി രൂപ അനുവദിച്ചത് പ്രഹസനമാണ് . കൊട്ടിഘോഷിച്ച മീനിച്ചിൽ റിവർ വാലി പ്രോജക്റ്റിനായി  250 കോടി രൂപാ നാളിതു വരെ ചെലവഴിച്ചിട്ട് ഒരു തുള്ളി വെള്ളം പോലും മീനച്ചിലാറ്റിലൂടെ ഒഴുകിയില്ല. ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തിയ അന്തീനാട് - മേലുകാവ് റോഡ്  ഓവർ ലേ ചെയ്യാത്തത് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകും.  ഗ്രാമങ്ങളുടെ വികസനത്തിലൂടെയാണ് യഥാർത്ഥ പുരോഗതി നേടാൻ ആവുന്നതെന്ന തന്റെ നിലപാടിൽ മാറ്റമില്ല. അതുകൊണ്ടാണ് വിവിധ പഞ്ചായത്തുകളിലേക്ക്  ടൂറിസം ,വ്യവസായം, പൊതുമരാമത്ത് , കാർഷിക മേഖല ,സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങിയ വിവിധ വകുപ്പുകളിലേക്കായിട്ട് 20 പ്രൊപ്പോസലുകൾ സമർപ്പിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ മൂന്നു വർഷത്തിനകം താൻ സമർപ്പിച്ച 20 പ്രോപ്പോസലുകളുo നടപ്പിലാക്കാൻ സാധിക്കും. ഫുഡ് പാർക്കും കാർഷിക ശീതികരണ പ്ലാന്റും നാടിന്റെ വികസനത്തിന് ആക്കം കൂട്ടും. ടൂറിസം മേഖലയുടെ വികസനത്തിനായി നൽകിയ നിർദ്ദേശങ്ങളും കാർഷിക മേഖലയുടെ ശാക്തീകരണത്തിനായി സമർപ്പിച്ച പദ്ധതികളും  തന്റെ സ്വപ്ന പദ്ധതികൾ ആണെന്നും അതുവഴി നിരവധി തൊഴിൽ അവസരങ്ങളും കാർഷിക മേഖലക്ക് ഉണർവ്വും സാധ്യമാകുമെന്നും എംഎൽഎ പറഞ്ഞു .മരിയൻ ജംഗ്ഷനിലെ ഹൈവേ വികസനവും ബൈപാസ് റോഡ് നിർമ്മാണവും എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണം.  അതല്ലെങ്കിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും പ്രഹസനമായിട്ട് പാലാക്കാർ ഈ ബഡ്ജറ്റിനെ വിലയിരുത്തും. ഭരണത്തിൽ സ്വാധീനമുള്ളവർ നാടിന്റെ വികസനം മുടക്കികളാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിട്ടാണ് ഈ ബജറ്റിനെ തനിക്ക് കാണാൻ കഴിയുന്നത്- റബറിന് 250 രൂപ അടിസ്ഥാന വില പ്രഖ്യാപിക്കാത്തതും ക്ഷേമപെൻഷനുകൾ വർധിപ്പിക്കാത്തതും പതിനാറായിരം അധ്യാപകർക്ക്നിയമനാംഗീകാരം നൽകി ശമ്പളം നൽകാൻ നടപടി സ്വീകരിക്കാത്തതും ഉൾപ്പെടെയുള്ള ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കാൻ ബഡ്ജറ്റിൽ യാതൊരു നിർദേശങ്ങളും ഇല്ല .പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനും നിർദ്ദേശങ്ങൾ ഇല്ലാത്ത ബഡ്ജറ്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ജിമിക്ക് ബജറ്റ് ആണെന്ന് മാണി സി. കാപ്പൻ കുറ്റപ്പെടുത്തി. പാലായെ അവഗണിക്കുകയും പാലാക്കാരെ അവഹേളിക്കുകയും ചെയ്ത ബഡ്ജറ്റിന് അടുത്ത തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് മാണി സി. കാപ്പൻ പ്രത്യാശ പ്രകടിപ്പിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments