ശബരിമല ദർശനം; ഇനി ബുക്ക് ചെയ്ത് ‘മുങ്ങരുത്’! തടയാൻ നടപടികളുമായി ഹൈക്കോടതി



 ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് വരാതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കർശന നടപടികളുമായി ഹൈക്കോടതി. ഇതിനായി നിലവിലെ ബുക്കിങ് ഫീസ് ഉയർത്തണമെന്നു സ്പെഷ്യൽ കമ്മീഷണർ കോടതിക്കു ശുപാർശ നൽകി. കഴിഞ്ഞ മണ്ഡല- മകരവിളക്ക് തീർഥാടന സമയത്ത് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ലോട്ടുകൾ തീരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിനു എത്തിയില്ല. 


പല ദിവസങ്ങളിലും പകുതിയോളം ആളുകൾ എത്തിയിരുന്നില്ല. ഇതോടെ ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്കു അവസരം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി. ഇതോടെയാണ് നിർണായക ഇടപെടൽ. വെർച്വൽ ക്യൂ ബുക്കിങിന് 5 രൂപ മാത്രമാണ് നിലവിൽ ചെലവ് വരുന്നത്. ഇത്ര ചെറിയ തുക നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്ന് കരുതി പലരും ബുക്ക് ചെയ്യുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. 


 ബുക്കിങ് ഫീസ് ഉയർത്തി ദർശനം പൂർത്തിയാക്കി മടങ്ങുന്ന ഭക്തർക്കു ഈ തുകയിൽ നിന്നു ഒരു നിശ്ചിത ഭാഗം തിരികെ നൽകുകയും ചെയ്യുക എന്നതാണ് നിലവിൽ പരിഗണിക്കുന്ന പ്രധാന നിർദ്ദേശം. സെപ്റ്റംബറിനു മുൻപ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഹൈക്കോടതി നീക്കം. ഇക്കാര്യത്തിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട് കോടതി തേടിയിട്ടുണ്ട്. ബുക്കിങ് ഫീസ് ഉയർത്തുന്നതും പിന്നീട് പണം മടക്കി നൽകുന്നതും പ്രായോഗികമായി കുറച്ച് സങ്കീർണമായ നടപടിയാണ്. എന്നാൽ വരാനിരിക്കുന്ന സീസണിൽ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വ്യക്തമായ മാനദണ്ഡം ആവശ്യമാണെന്ന് കോടതി കരുതുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments