കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും മോദി പറഞ്ഞു. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ലഭിച്ച ഓരോ അവസരവും ഭരിക്കുന്നവര്‍ പാഴാക്കിയില്ല. ബിജെപി സര്‍ക്കാര്‍ ഉണ്ടായാല്‍ മുഴുവന്‍ ആരോപണങ്ങളെ കുറിച്ചും അന്വേഷണം നടത്തും. തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകുമെന്നത് മോദിയുടെ ഗാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇടതുസര്‍ക്കാരിന്റെ കാലത്ത് ബാങ്കില്‍ നിക്ഷേപിച്ച പണം പോലും സുരക്ഷിതമല്ല. സഹകരണ ബാങ്കിലെ അഴിമതി കാരണം സാധാരണക്കാരുടെ പണമാണ് അപഹരിച്ചത്. ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കേണ്ടതാണ്. ബിജെപിക്ക് ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ മോഷ്ടിച്ചവരില്‍നിന്നും പണം ഈടാക്കി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വേണം. ‘യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതി എന്‍ഡിഎയുടെ പക്കലുണ്ട്. ഇതിന്റെ ഗുണം കേരളത്തിനും ലഭിക്കണമെങ്കില്‍ ഇവിടെയും ഒരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്നും മോദി പറഞ്ഞു. കേരളത്തിലെ എല്ലാ റെയില്‍വേ ലൈനുകളും വൈദ്യുതീകരിച്ചു. റെയില്‍ വികസനത്തില്‍ വലിയ മാറ്റം വന്നു. മൂന്ന് വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിനു ലഭിച്ചു. ഇന്ന് അമൃത് ഭാരത് എക്‌സ്പ്രസുകളും ലഭിച്ചു.
വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ഒട്ടേറെ തൊഴിലവസരങ്ങള്‍ വിഴിഞ്ഞം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിനു 14000 കോടി രൂപ നല്‍കി.
മത്സ്യത്തൊഴിലാളികള്‍ക്കായി 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. എന്‍ഡിഎ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍വസന്നദ്ധരാണ്. തെരുവ് കച്ചവടക്കാര്‍ക്ക് അടക്കം ഒട്ടേറെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഇന്ന് തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്ത തെരുവ് കച്ചവടക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്ന പദ്ധതി ഇതിലൊന്നാണ്. എന്നാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി ഒന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു.




0 Comments