2030നുള്ളിൽ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് മേയർ വിവി രാജേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി പങ്കിട്ട ചടങ്ങിൽ വെച്ചായിരുന്നു വിവി രാജേഷ് ഇക്കാര്യം പറഞ്ഞത്.
15 ദിവസം കൊണ്ട് നഗര വികസനത്തിന് രൂപരേഖ തയ്യാറാക്കിയെന്നും ഇത് പ്രധാനമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ തയാറാക്കിയ രേഖ പൂർണമല്ലെന്നും. ഫെബ്രുവരിയിൽ വികസന കോൺക്ലേവ് ചേർന്ന് വിശദമായ രേഖ തയാറാക്കുമെന്നും, ഡൽഹിയിൽ എത്തി അത് പ്രധാനമന്ത്രിക്ക് കൈമാറുമെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു. 101 കൗൺസിലർമാർക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും വി വി രാജേഷ് വ്യക്തമാക്കി.
അതേസമയം, മോദിയെ കൊണ്ട് വരുമെന്ന വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. സ്വർണ കൊള്ള നടത്തിയ ആൾ എന്തിന് സോണിയയെ കണ്ടുവെന്നും എന്തിന് സിപിഎം നേതാക്കളെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വിഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. വേദിയിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ കൈ പിടിച്ചുയർത്തി പ്രധാനമന്ത്രി അഭിനന്ദിച്ചു.
അമൃത് ഭാരത് ട്രെയിൻ ഉൾപ്പെടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തു. തെരുവ് കച്ചവടക്കാർക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്, തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെൻറർ, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപന- ഉദ്ഘാടന കർമ്മങ്ങളും പ്രദാനമന്ത്രി നിർവഹിച്ചു.




0 Comments