തിരുവല്ല സ്പാ പീഡനക്കേസിൽ പോലീസ് കർശന നടപടി സ്വീകരിച്ചെന്ന് പത്തനംതിട്ട എസ്പി ആർ.ആനന്ദ്. സംഭവം നടന്നത് കഴിഞ്ഞ ഒന്നിനാണെങ്കിലും പുറത്തറിഞ്ഞത് രണ്ടിനാണ്. ഉടൻ തന്നെ പോലീസ് നടപടി സ്വീകരിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ല. സ്പാകളിൽനിന്ന് പോലീസുകാർ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
നേരത്തേ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന ഉടൻ തന്നെ പ്രധാനപ്രതിയായ സുബിൻ അലക്സാണ്ടറിനെ അറസ്റ്റ്ചെയ്തു. രണ്ടാംപ്രതിയായ ബെർലിൻദാസിനെയും പിടികൂടി. ബാക്കി പ്രതികൾക്കായി ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്.
സംഭവം ക്വട്ടേഷനാണോയെന്ന് വ്യക്തമല്ല. സ്പാ ഉടമയിൽനിന്ന് മൊഴിയെടുത്തു. മൊഴികളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പണം ചോദിച്ചാണ് പ്രതികൾ സ്പായിൽവന്നത്. പണം കൊടുക്കാത്തതിനാണ് ക്രൂരമായ കൃത്യം നടത്തിയത്. അതിജീവിതയ്ക്ക് നിയമസഹായവും കൗൺസിലിങ്ങും അടക്കം പോലീസ് നൽകും. പ്രധാന പ്രതിയായ സുബിൻ അലക്സാണ്ടർ ഇനി പുറത്തിറങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.



0 Comments