ഇന്ത്യൻ കത്തോലിക്കാ സഭയിൽ ചരിത്രനിമിഷം; ഹൈദരാബാദ് ആർച്ച് ബിഷപ് കർദിനാൾ ആൻറണി പൂല സിബിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.... ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ അധ്യക്ഷൻ
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആർച്ച് ബിഷപ് കർദിനാൾ ആന്റണി പൂല തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവിൽ നടന്ന സഭയുടെ പൊതുസമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്.
നിലവിലെ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദളിത് വിഭാഗത്തിൽനിന്ന് സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് കർദിനാൾ ആന്റണി പൂല എന്നത് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
2022-ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ ദളിത് വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമായിരുന്നു. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ നിന്നുള്ള അദ്ദേഹം എളിയ പശ്ചാത്തലത്തിൽ നിന്നാണ് സഭയുടെ ഉന്നത നേതൃത്വത്തിലേക്ക് എത്തിയത്. മുൻപ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള കർദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ സിബിസിഐ അധ്യക്ഷനായിരുന്നിട്ടുണ്ട്.



0 Comments